മോസ്കോ: ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നുമായുള്ള സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഇക്കാര്യം ഇന്ത്യ പലതവണ സൂചിപ്പിച്ച കാര്യമാണെന്നും ഇതിനായി എല്ലാവിധ സഹകരണത്തിനും തയാറാണെന്നും മോദി പറഞ്ഞു. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്ചയിൽ പുടിൻ പറഞ്ഞു. ബന്ധം ശക്തമാകാനുള്ള ചർച്ചകൾ നടക്കുമെന്നും പുടിൻ വ്യക്തമാക്കി.
“റഷ്യ – യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട് ഞാൻ പലതവണ താങ്കളുമായി സംസാരിച്ചിരുന്നു. നമ്മൾ നേരത്തെ സംസാരിച്ചതു പോലെ സമാധാനപരമായി ഈ പ്രശ്നം പരിഹരിക്കപ്പെടണം. എത്രയും വേഗത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഞങ്ങൾ എല്ലാ പിന്തുണയും നൽകും. മനുഷ്യത്വത്തിനാണ് നാം പ്രാധാന്യം നൽകേണ്ടത്. ആവശ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണ്” -മോദി പറഞ്ഞു.
നേരത്തെ യുക്രെയ്ൻ സന്ദർശന വേളയിലും മോദി സമാധാനാഹ്വാനം നടത്തിയിരുന്നു. ഇതിനു ശേഷം യു.എന്നിലെത്തിയും ഇന്ത്യ സഹകരിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. പുടിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ബ്രിക്സിലെ മറ്റ് അംഗ രാജ്യങ്ങളിലെ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ത്യ -ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ, ചൈനീസ് പ്രീമിയർ ഷീ ജിൻപിങ്ങുമായി മോദി ചർച്ച നടത്തിയേക്കും.
യുക്രെയ്നു പുറമെ പശ്ചിമേഷ്യയിലും സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനം പുനഃസ്ഥാപിക്കുക എന്ന ആശയത്തിനാണ് ഇന്ത്യ മുൻതൂക്കം നൽകുന്നതെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ്കുമാർ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ഇക്കൊല്ലം രണ്ടാം തവണയാണ് റഷ്യ സന്ദർശിക്കുന്നത്. ജൂലൈയിൽ ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിക്കാണ് മോദി എത്തിയത്. ഓഗസ്റ്റിൽ യുക്രെയ്ൻ തലസ്ഥാനമായ കീവ് സന്ദർശിച്ച മോദി, പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.