കൊല്ലം: സിപിഎം ജില്ലാ കമ്മിറ്റി അംഗം സാമ്പത്തിക തിരിമറി നടത്തിയതായി പരാതി. പി ആർ വസന്തിനെതിരെ ഡിവൈഎഫ്‌ഐ കല്ലേലി ഭാഗം മേഖലാ ട്രഷറർ തൗഫീഖ് ആണ് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. കരുനാഗപ്പളളി ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മറവിൽ ജില്ലാ കമ്മിറ്റിയംഗവും അനുയായികളും ചേർന്ന് വൻ അഴിമതിയും സാമ്പത്തിക തിരിമറിയും നടത്തുന്നതായി പരാതിയിൽ ആരോപിക്കുന്നു.
പാർട്ടി നിയന്ത്രണത്തിലുളള ബോയ്‌സ് ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ അക്കൗണ്ടിൽ നിന്നും 85 ലക്ഷത്തോളം രൂപ വിആർ വസന്തന്റെയും ഇയാളുടെ അനുയായിയും കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവുമായ തോട്ട്കര ഹാഷിമിന്റെയും അക്കൗണ്ടിലേക്ക് എത്തിയെന്നാണ് ആരോപണം. പിആർ വസന്തന്റെയും ഇതേ സ്‌കൂളിലെ അദ്ധ്യാപിക കൂടിയായ ഭാര്യയുടെയും അക്കൗണ്ടിലേക്ക് 40,35,793 രൂപ സ്‌കൂളിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിൽ നിന്നും വന്നുവെന്നാണ് ആരോപണം. ഹാഷിമിന്റെ അക്കൗണ്ടിലേക്ക് 45 ലക്ഷത്തോളം രൂപയും വന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുധീന്ദ്രനാഥിന്റെയും അക്കൗണ്ടിലേക്കും പണം വന്നിട്ടുണ്ട്.
സ്‌കൂളുമായി യാതൊരു ബന്ധവുമില്ലാത്ത വസന്തിന് എന്തിനാണ് ഇത്രയും വലിയൊരു തുക നൽകിയെന്ന ചോദ്യമാണ് പരാതിയിൽ ഉന്നയിക്കുന്നത്. ലേബർ കോൺട്രാക്ട് സെക്രട്ടറിയുടെ പേരിൽ മാത്രം മാറേണ്ട ചെക്കുകൾ പിആർ വസന്തന്റെയും ഭാര്യയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും പേരിൽ മാറ്റിയെടുക്കുകയാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. കരുനാഗപ്പളളിയിൽ സൊസൈറ്റിയുടെ പേരിൽ സമാനമായ രീതിയിൽ സാമ്പത്തിക തിരിമറികൾ പലയിടത്തും ഹാഷിമും വസന്തും ചേർന്ന് നടത്തുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഏതെങ്കിലും സഖാക്കൾ വിഷയം ഉന്നയിച്ചാൽ വിഭാഗീയതയാണെന്ന് ആരോപിച്ച് അച്ചടക്കത്തിന്റെ വാൾ എടുക്കുകയാണ് ഇവർ ചെയ്യുന്നതെന്നും പരാതിയിൽ തൗഫീഖ് ചൂണ്ടിക്കാട്ടുന്നു. ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രസിഡന്റ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റായ വിപി ജയപ്രകാശ് മേനോൻ ആണ്. ഇദ്ദേഹവും പാർട്ടി ഏരിയ കമ്മിറ്റിയംഗമാണ്. ആരോപണം തെളിയിക്കുന്ന രേഖകളും സിപിഎം മഠത്തിൽ ബ്രാഞ്ച് കമ്മിറ്റിയംഗം കൂടിയായ തൗഫീഖ് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
വിഷയം ചർച്ചയായതോടെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 2 ലോക്കൽ സമ്മേളനങ്ങൾ നിർത്തി വെച്ചിരുന്നു. മാദ്ധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതോടെ ഇത് ചർച്ചചെയ്യാൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഇന്ന് യോഗം ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കും.