കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ശൈത്യകാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയാകും ഈ സമയക്രമം പാലിക്കുക. നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ 1576 പ്രതിവാര സർവീസുകളുണ്ടാവും.
രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ ഏഴ് എയർലൈനുകളുമാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്. 67 പ്രതിവാര സർവീസുകളാണ് അബുദാബിയിലേക്കുള്ളത്. ദുബൈയിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളുമാണ് കൊച്ചിയിൽ നിന്നുള്ളത്.
പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രകാരം യുഎഇയിലേക്കുള്ള മൊത്തം പ്രതിവാര സർവീസുകളുടെ എണ്ണം134 ആയിരിക്കും. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 51 ഓപ്പറേഷനുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് പട്ടികയിൽ ഒന്നാമത്. ഇത്തിഹാദ് – 28, എയർ അറേബ്യ അബുദാബി – 28, എയർ ഏഷ്യ – 18, എയർ ഇന്ത്യ – 17, എയർ അറേബ്യ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ് എന്നിവരാണ് മറ്റ് പ്രമുഖ എയർലൈനുകൾ.
ആഭ്യന്തര സെക്ടറിൽ ബാംഗ്ലൂർ – 112, മുംബൈ- 75, ഡൽഹി- 63, ചെന്നൈ- 61, ഹൈദരാബാദ് – 52, അഗത്തി – 15, അഹമ്മദാബാദിലേക്കും കൊൽക്കത്തയിലേക്കും 14 , പൂനെ- 13, കോഴിക്കോട്, ഗോവ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 വീതവും സേലത്തേക്ക് 5 സർവീസുകളുമാണുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ബാംഗ്ലൂരിലേക്ക് -10, ചെന്നൈയിലേക്ക് -7, പൂനെയിലേക്ക് -6, ഹൈദരാബാദിലേക്ക് -5 എന്നിങ്ങനെ സർവീസ് നടത്തും. അന്താരാഷ്ട-ആഭ്യന്തര മേഖലയിൽ ആഴ്ചയിൽ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.