ന്യൂഡൽഹി: സോണിയാ ഗാന്ധിയിൽനിന്ന് ബാറ്റൺ ഏറ്റുവാങ്ങിയ നാൾ തൊട്ട് തന്നെ എഴുതിത്തള്ളിയവർക്കെല്ലാം സ്വന്തം കർമപഥത്തിലൂടെ മറുപടി നൽകുകയായിരുന്നു കർണാടകയിലെ ഗുൽബർഗയിൽനിന്നു ദേശീയ രാഷ്ട്രീയത്തിലേക്കുയർന്നുവന്ന ദലിത് നേതാവ് മപണ്ണ മല്ലികാർജുൻ ഖാർഗെ. 24 വർഷത്തിനിടയിൽ ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാളെ കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് തെരഞ്ഞെടുക്കാൻ അരങ്ങൊരുങ്ങിയപ്പോൾ മത്സത്തിലേക്ക് എടുത്തുചാടിയ ശശി തരൂരിന് നൽകിയ പിന്തുണ രാഷ്ട്രീയ വിശാരദന്മാരോ മാധ്യമപ്രവർത്തകരോ കോൺഗ്രസിനായി ഒരു പുരുഷായുസ് സമർപ്പിച്ച മല്ലികാർജുൻ ഖാർഗെക്ക് നൽകിയില്ല.
കേരളത്തിലെ പ്രബലമായ നായർ സമുദായത്തിൽനിന്നുള്ള ആഗോള പൗരൻ ശശി തരൂരിന്റേത് അന്തസാർന്ന ജനാധിപത്യ പോരാട്ടമായും ഖാർഗെയുടേത് ഒരു വിധേയന്റെ കുടുംബാധിപത്യത്തിനായുള്ള സ്ഥാനാർഥിത്വമായും വിലയിരുത്തപ്പെട്ടു. എന്നാൽ കോൺഗ്രസ് അധ്യക്ഷ പദത്തിൽ ഖാർഗെ രണ്ടു വർഷം പിന്നിടുമ്പോൾ ഈ പദവിയിൽ ഈ നേതാവിനെ വെല്ലാൻ മറ്റൊരാളില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ ഒരുപോലെ പറയുന്ന നിലയിലേക്ക് ഇന്ന് കാര്യങ്ങളെത്തി. നിജലിംഗപ്പക്ക് ശേഷം കർണാടകയിൽനിന്നു എ.ഐ.സി.സി അധ്യക്ഷ പദവിയിലെത്തുന്ന രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് മല്ലികാർജുൻ ഖാർഗെ.
ജഗ്ജീവൻ റാമിന് ശേഷം എ.ഐ.സി.സി പ്രസിഡന്റാകുന്ന രണ്ടാമത്തെ ദലിത് നേതാവുമാണ്. ഒമ്പത് തവണ എം.എൽ.എയായ ശേഷമാണ് ഖാർഗെ പിന്നീട് എം.പിയും കേന്ദ്രമന്ത്രിയുമായി ദേശീയ രാഷ്ട്രീയത്തിലേക്കുയർന്നത്. 2014ലെ മോദി തരംഗത്തിലും 74,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കലബുറഗിയിൽനിന്ന് ജയിച്ച ഖാർഗെ 2019ൽ സ്വന്തം തട്ടകത്തിൽ ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞതോടെയാണ് രാജ്യസഭയിലെത്തുന്നതും തുടർന്ന് ഉപരി സഭയുടെ പ്രതിപക്ഷ നേതാവാകുന്നതും.
രാഹുൽ ഗാന്ധിയെ പോലെ കോൺഗ്രസ് പാർട്ടിക്ക് പുനരുജ്ജീവനത്തിനും മുമ്പെ വേണ്ടത് അതിജീവനമാണെന്ന് തിരിച്ചറിഞ്ഞ നേതാവാണ് ഖാർഗെ. കോൺഗ്രസിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് രൂപപ്പെട്ട രസതന്ത്രമാണ് ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയെ അതിജീവനത്തിന്റെ പാതയിലും രാജ്യത്തെ പ്രതിപക്ഷ നേതൃനിരയുടെ സ്ഥാനത്തും എത്തിച്ചത്. മറ്റു പ്രതിപക്ഷ കക്ഷികളോടുള്ള സമീപനത്തിൽ അവരിരുവർക്കുമുള്ള വിശാലത മറ്റു നേതാക്കൾക്കില്ലാതെ പേയതാണ് കോൺഗ്രസിന്റെ പരിമിതിയും. പാർട്ടിയെ പുനരുജ്ജീവിപ്പിക്കും മുമ്പ് പ്രതിപക്ഷത്തിന് അതിജീവിക്കേണ്ടതുണ്ടെന്ന് ഖാർഗെ പഠിപ്പിച്ചു. ഈ പാഠം ഉൾക്കൊണ്ട് കോൺഗ്രസ് പ്രവർത്തിച്ചപ്പോൾ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നൽകി കേവല ഭൂരിപക്ഷമില്ലാതാക്കുന്നതിനും ഈ പാഠമുൾക്കൊള്ളാതെ അഹങ്കരിച്ചപ്പോൾ കോൺഗ്രസിന്റെ കൈയിൽ കിട്ടിയ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ഹരിയാനയും കളഞ്ഞുകുളിക്കുന്നതിനും പോയ രണ്ട് വർഷം സാക്ഷ്യം വഹിച്ചു.
രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കുന്നതിലായിരുന്നു ഖാർഗെയുടെ വിജയം. രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്ത കാലത്ത് ആ പദവിയിലിരുന്ന് ബി.ജെ.പിയുമായി സമവായ രാഷ്ട്രീയം കളിച്ച ഗുലാം നബി ആസാദിന്റെ കസേരയിൽ മല്ലികാർജുൻ ഖാർഗെ വന്നിരുന്നതോടെ തന്നെ സഭയിലും പ്രതിപക്ഷ ബെഞ്ചുകളിലും അതിന്റെ മാറ്റം പ്രകടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയ ഗുലാം നബിയിൽനിന്ന് ഭിന്നനായി സർക്കാറിനെ നിരന്തരം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവിന്റെ ധർമമെന്താണെന്ന് ഖാർഗെ കോൺഗ്രസിന് കാണിച്ചുകൊടുത്തു. പാർലമെന്റിൽ ഇന്ന് ഭരണകക്ഷി ഏറ്റവും ഭയപ്പെടുന്ന നേതാവയി ഖാർഗെ മാറിയത് കൊണ്ടാണ് സംസാരിക്കാൻ അവസരം നാൽകാതെ അദ്ദേഹത്തിന്റെ ശബ്ദം കേൾപ്പിക്കാൻ പോലും ബി.ജെ.പി തയാറാകാത്തത്.
കോൺഗ്രസ് അധ്യക്ഷനാകുക കൂടി ചെയ്തതോടെ രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടി എം.പിമാരെയും അവരുടെ കക്ഷിനേതാക്കളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയ ഖാർഗെ അവരെ ചേർത്ത് പിടിച്ചു. ഏത് കോൺഗ്രസിതര പ്രതിപക്ഷ കക്ഷിക്കും വിശ്വാസത്തിലെടുക്കാവുന്ന കോൺഗ്രസ് നേതാവായി ഖാർഗെ മാറി. നിലപാടുകളിലെ വിയോജിപ്പുകൾക്കും വൈരുധ്യങ്ങൾക്കുമൊപ്പം രാജ്യസഭയിൽ ഖാർഗെ ചേർത്തുപിടിച്ച് കൂടെ കൂട്ടിയ പ്രതിപക്ഷ കക്ഷി നേതാക്കളാണ് ബി.ജെ.പിയെ തോൽപിക്കാനുള്ള ‘ഇൻഡ്യ’ എന്ന വിശാല സഖ്യമായി പിന്നീട് മാറുന്നത്. ആ സഖ്യത്തിന്റെ കരുത്തിലാണ് കോൺഗ്രസ് ഇന്ന് ബി.ജെ.പിയുമായുള്ള പോരാട്ടത്തിൽ പിടിച്ചുനിൽക്കുന്നതും.