തിരുവനന്തപുരം: ഗുജറാത്തിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ ദിനേശ് നായർക്ക് ലയം ദേശീയ പുരസ്കാരം സമ്മാനിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഗുജറാത്തിലെ വേൾഡ് മലയാളി കൗൺസിലിൻ്റെ സാമൂഹിക സാംസ്കാരിക അവാർഡ്, എച്ച്എംസിടി അവാർഡ് എന്നിവയുൾപ്പെടെ സമീപകാലത്ത് ലഭിച്ച അംഗീകാരങ്ങളുടെ തുടർച്ചയായാണ് ഈ അഭിമാനകരമായ അംഗീകാരവും തേടിയെത്തിയത്.
സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ ദിനേശ് നായരെ വൈഎംസിഎ യും ആദരിച്ചിരുന്നു.
ഡൽഹിയിൽ നടന്ന ശ്രദ്ധേയമായ ചടങ്ങിലാണ് ലയം ദേശീയ പുരസ്കാരം സമ്മാനിച്ചത്. 30 വർഷത്തെ സമർപ്പിത സേവനത്തിലൂടെ, ദിനേശ് നായർ നിരവധി സംഘടനകളുടെ ഭാഗമായും പ്രവർത്തിച്ചു. നിലവിൽ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി), ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എഐഎംഎ) എന്നിവയുടെ നേതൃസ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ദേശീയവും അന്തർദേശീയവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിരവധി ആളുകളാണ് അദ്ദേഹത്തിൻ്റെ വൈദഗ്ധ്യവും മാർഗ്ഗനിർദ്ദേശവും തേടുന്നത്.
നൂറിലധികം കലാ-കായിക പരിപാടികളും നൂറിലധികം സെമിനാറുകളും ജനറൽ കൺവീനറായി ദിനേശ് നായർ വിജയകരമായി സംഘടിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. നിരവധി ജീവിതങ്ങളിൽ വെളിച്ചം വീശിയ ദിനേശ് നായരുടെ മാതൃകാപരമായ ജീവിതം മറ്റുള്ളവർക്കും പ്രഛോദനമാണ്.