വിമാനങ്ങളിലെ ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ വിദേശ ഇടപെടൽ പരിശോധിക്കുകയാണ്.
വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ഇന്നലെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. കൊല്‍ക്കത്ത, ആന്ധ്രയിലെ തിരുപ്പതി, ഗുജറത്തിലെ രാജ്കോട്ട് എന്നിവിടങ്ങളിലായി 24 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഹോട്ടലുകള്‍ക്ക് ബോംബ് വച്ചിട്ടുണ്ടെന്നും, ആളുകളെ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തില്‍. അഫ്സല്‍ ഗുരു പുനര്‍ജനിക്കുന്നുവെന്ന് രേഖപ്പെടുത്തിയ സന്ദേശം റിയാലിറ്റി ഈസ് ഫെയ്ക്ക് എന്ന ഇമെയ്ല്‍ വിലാസത്തില്‍ നിന്നാണ് അയച്ചിരിക്കുന്നത്.
അതിനിടെ വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ തടയാൻ സാമൂഹികമാധ്യമകമ്പനികൾക്കായി കേന്ദ്രഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. മെറ്റയും, എക്സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണം ഏജൻസികൾക്ക് കൈമാറണമെന്നുമാണ് നിർദ്ദേശം. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.