വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായിരിക്കെ തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ഒന്നാം നമ്പർ പോഡ്കാസ്റ്റർ ജോ റോഗനുമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട അഭിമുഖത്തിലാണ് ട്രംപ് തന്റെ തെറ്റ് വെളിപ്പെടുത്തിയത്. നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാണ് ട്രംപ്.
പ്രസിഡൻ്റായിരിക്കുമ്പോൾ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘വിശ്വസ്തതയില്ലാത്ത ആളുകളെ നിയമിച്ചതാണ്’എന്ന് ട്രംപ് പറഞ്ഞു. നിയോകോണുകൾ, മോശം ആളുകൾ അല്ലെങ്കിൽ അവിശ്വസ്തരായ ആളുകൾ എന്നാണ് ട്രംപ് അവരെ വിശേഷിപ്പിച്ചത്. തൻ്റെ മുൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയെ പരാമർശിച്ച് കൊണ്ടായിരുന്നു ട്രംപ് ഈ വിശേഷണം നടത്തിയത്. തൻ്റെ മുൻ ബോസ് ‘ഫാസിസ്റ്റ്’ ആണെന്ന് കഴിഞ്ഞ ദിവസം കെല്ലി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരുന്നു. തൻ്റെ മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ ‘ഒരു വിഡ്ഢി’ എന്നും ട്രംപ് വിശേഷിപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാളുകൾ ശേഷിക്കെ ഇഞ്ചോടിഞ്ചു പോരാട്ടമാണ് സ്ഥാനാർത്ഥികളായ ഡൊണാൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും, വ്യക്തിഹത്യയുമെല്ലാം ഇരു പക്ഷവും നടത്തുന്നുണ്ട്.