രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിജയ് നടത്തിയ പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി എത്തുകയാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിക്രവാണ്ടിയിൽ നടത്തിയ ആദ്യ സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നുവെന്നാണ് രജനികാന്ത് അഭിപ്രായപ്പെട്ടത്.
ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. വിജയ്യുടെ ആദ്യ സംസ്ഥാന സമ്മേളനം തീർച്ചയായും ഒരു വലിയ വിജയമായിരുന്നു, അദ്ദേഹത്തിന് എന്റെ ആശംസകൾ’ രജനികാന്ത് പറഞ്ഞു
ജനിച്ചവരെല്ലാം സമന്മാരെന്ന നയപ്രഖ്യാപനവുമായിട്ടായിരുന്നു സൂപ്പര്‍താരം വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം. സാമൂഹ്യനീതിയില്‍ ഊന്നിയ മതേതര സമൂഹമാണെന്ന് ലക്ഷ്യമെന്ന് വ്യക്തമാക്കിയ വിജയ്, സാമൂഹികനീതി, സമത്വം , മതേതരത്വം എന്നതാണ് പാര്‍ട്ടിനയമെന്ന് പ്രഖ്യാപിച്ചു. വില്ലുപുരം വിക്രവാണ്ടിയില്‍ രണ്ടു ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് പെരിയാറിനെ അനുസ്മരിച്ച് വൈകാരികമായി പാര്‍ട്ടി നയം പ്രഖ്യാപിച്ചത്