ഒട്ടാവ/ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ കാനഡ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന. സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും കാനഡ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ പ്രതികരണം.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെയും സൈബര്‍ എതിരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ആദ്യമായാണ് സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് കാനഡ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരവൃത്തി ലക്ഷ്യംവെച്ച് കാനഡ സര്‍ക്കാരിനെതിരേ സൈബര്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ആഗോളതലത്തില്‍ പുതിയ അധികാരകേന്ദ്രങ്ങളാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.