വാഷിംഗ്ടൺ: വാക്പോരുകൾ അരങ്ങ് തകർക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ലാസ്റ്റ് ലാപ്പിൽ സ്ഥാനാർഥികൾക്കായി വോട്ടു ചോദിച്ച് താരങ്ങളും. വാഗ്ദാനപ്പെരുമഴ നൽകിപ്പായുന്ന ഡോണൾഡ് ട്രംപിനും കമല ഹാരിസിനും വേണ്ടി വോട്ട് ചോദിക്കുന്നവരിൽ ടെയ്ലർ സ്വിഫ്റ്റ് മുതൽ ഇലോണ്‍ മസ്ക് വരെയുണ്ട്.
വൈറ്റ് ഹൗസിന്റെ അടുത്ത അധിപർ ആരെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്കടുമ്പോൾ സ്ഥാനാർഥികൾക്കായി വോട്ടുതേടുന്ന തിരക്കിലാണ് ഹോളിവുഡ് സെലിബ്രിറ്റികളും. പ്രധാന സ്ഥാനാർഥികളായ റിപ്പബ്ലിക്കന്റെ ഡോണൾഡ് ട്രംപിനും ഡെമോക്രാറ്റ്സിന്റെ കമല ഹാരിസിനും വേണ്ടി നിരവധി പേരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ട്രംപിന് മസ്റ്റായും വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ആദ്യമെത്തിയത് സാക്ഷാല്‍ ഇലോണ്‍ മസ്ക്. സ്വന്തം സമൂഹമാധ്യമമായ എക്സിലൂടെ ഇതിനോടകം ട്രംപിനായി മസ്ക്കിട്ട പോസ്റ്റുകള്‍ക്ക് കണക്കില്ല. ‘ട്രംപ് കാൻ ടേക്ക് ബാക്ക് അമേരിക്ക’ എന്ന ടാഗ് ലൈനുമായാണ് ഹോളിവുഡ് താരം സാക്കറി ലെവി വോട്ടുതേടിയത്. ട്രംപ് റാലികളിലെ സ്ഥിര സാന്നിധ്യമായ സംഗീതഞ്ജൻ കിഡ് റോക്കും മോഡലും റാപ്പറുമായ ആംബർ റോസും ട്രംപിന് പിന്തുണ അറിയിച്ചു. ട്രംപിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി റസ്ലിങ് ഐക്കൺ ഹൾക്ക് ഹോഗനും.
കമല ക്യാംപിലും കാൻവാസിങ്ങിന് കുറവില്ല. കമലയ്ക്കായി വോട്ട് ചോദിക്കുന്നത് മറ്റാരുമല്ല, പോപ് റാണി ടെയ്ലർ സ്വിഫ്റ്റ്. ട്രംപിന് വോട്ടു അഭ്യർഥിച്ചുകൊണ്ടുള്ള തന്റെ എഐ ചിത്രം പ്രചരിച്ചതോടെയാണ് സ്വിഫ്റ്റ് രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഹ്യൂസ്റ്റണിലെ റാലിക്കിടെ കമലയ്ക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പോപ് സൂപ്പർ താരം ബിയോന്‍സെയും. ബരാക് ഓബാമയ്ക്കൊപ്പം നിന്നാണ് റാപ്പർ എമിനെം കമലയ്ക്ക് പിന്തുണ പ്രഖ്യപ്പിച്ചത്.
സമൂഹമാധ്യമത്തിലൂടെ ഇതിഹാസ ഗായിക ഷെയും കമലയ്ക്കൊപ്പമെന്ന് അറിയിച്ചു. അമേരിക്കക്കാരെ മനസിലാക്കുന്ന നേതാവിന് വോട്ടുനൽകണമെന്നായിരുന്നു നടൻ ജോർജ് ക്ലൂണിയുടെ കമലയ്ക്കായുള്ള വാക്കുകൾ. പിന്നാലെ നടി മിൻഡി കാലിങ്ങും റാപ്പർ ലിസോയും കമലയ്ക്ക് പിന്തുണയുമായി എത്തി. വ്യാഴാഴ്ച ലാസ് വേഗസിൽ വച്ച് നടന്ന ക്യാംപെയിനിൽ ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ജെനിഫർ ലോപ്പസ് കൂടി എത്തിയതോടെ സെലിബ്രിറ്റി സപ്പോട്ടിങ് ഗ്രാഫിൽ കമല മുന്നിലെത്തി.
ട്രംപിന്റെ ന്യൂയോർക്കിലെ റാലിക്കിടെ ഹോളിവുഡ് ഹാസ്യതാരം ടോണി ഹിൻച്ക്ലിഫ് പ്യൂട്ടോറിക്കൻസിനെതിരെ നടത്തിയ വിവാദപരാമർശത്തിനെതിരെയും ജെനിഫർ ലോപ്പസ് ആഞ്ഞടിച്ചു. പ്രചാരണത്തിൽ സെലിബ്രിറ്റി ടച്ച് കൂടിയായതോടെ ഒരു ഹോളിവുഡ് എൻഡിങ്ങാണ് യുഎസ് തിരഞ്ഞെടുപ്പിൽ ലോകവും പ്രതീക്ഷിക്കുന്നത്.