മിഷിഗൻ: അവസാനവട്ട പ്രചാരണങ്ങളുടെ ഭാഗമായി മിഷിഗനിൽ നടത്തിയ പ്രസംഗത്തിൽ ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ തന്നാൽ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കമല ഹാരിസ്. മിച്ചിഗനിൽ അറബ് അമേരിക്കൻ, മുസ്ലിം അമേരിക്കൻ വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗാസയിൽ യുദ്ധമവസാനിപ്പിക്കുന്നതിനു മുൻകൈയെടുക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നു കമല പ്രഖ്യാപിച്ചത്. ഇസ്രയേൽ ഗാസയ്ക്കുമേൽ നടത്തുന്ന ആക്രമണത്തിൽ അമേരിക്ക നൽകുന്ന പിന്തുണയെ ചോദ്യം ചെയ്തുകൊണ്ട് അതിശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ നടന്നത്.
2,40,000 മുസ്ലിം വോട്ടർമാരുള്ള മേഖലയാണ് മിഷിഗൻ. അതിൽ ഭൂരിഭാഗംപേരും 2020ൽ ബൈഡനാണ് വോട്ട് ചെയ്തത്. എന്നാൽ ഇസ്രയേൽ പശ്ചിമേഷ്യയിൽ അഴിച്ചുവിട്ട ആക്രമണത്തിൽ അതിശക്തമായ പ്രതിഷേധം അമേരിക്കയിലെമ്പാടും ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ മുസ്ലിം വോട്ടർമാർ അധികമുള്ള മിഷിഗനിൽ പശ്ചിമേഷ്യയെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കമലയ്ക്കാകില്ല.
അതിനൊപ്പം മിഷിഗനിലെ ഗ്രെയ്റ്റർ ഇമ്മാനുവൽ ഇൻസ്റ്റിട്യൂഷൻ ചർച്ച് ഓഫ് ഗോഡിൽ പ്രസംഗിച്ച കമല രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് നിന്ന് ഒരു രാജ്യമായി മാറണമെന്ന ദൈവത്തിന്റെ ആഗ്രഹം നടപ്പിലാക്കാൻ എല്ലാവരും തുനിഞ്ഞിറങ്ങണമെന്ന് പറഞ്ഞു. ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി ടെലിവിഷനിൽ ലൈവ് ആയി പ്രത്യക്ഷപ്പെട്ട കമല ഹാരിസ് ടെലിവിഷനിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ പാലിക്കേണ്ട ‘ഈക്വൽ ടൈം’ നിയമം ലംഘിച്ചതായുള്ള പരാതിയും പലഭാഗത്തുനിന്നായി ഉയരുന്നുണ്ട്.