മുംബൈ: ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നേട്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ 901 പോയിന്റ് നേട്ടമാണ് ഉണ്ടായത്. 80,378 പോയിന്റിലാണ് സെൻസെക്സിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.ദേശീയ സൂചിക നിഫ്റ്റിയിലും നേട്ടമുണ്ടായി. നിഫ്റ്റി 311 പോയിന്റ് ഉയർന്നു. 24,525 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
ഐ.ടി ഓഹരികളുടെ ഉയർച്ചയാണ് നിഫ്റ്റിക്ക് ഗുണകരമായത്. ഐ.ടി ഇൻഡക്സ് നാല് ശതമാനമാണ് ഉയർന്നത്. ടി.സി.എസ്, എച്ച്.സി.എൽ ടെക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ കമ്പനികളുടെയെല്ലാം ഓഹരി വില ഉയർന്നു.
യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജയിച്ചത് യു.എസ് വിപണികൾക്ക് താൽക്കാലികമായെങ്കിലും കരുത്താകും. ഇത് ഇന്ത്യൻ വിപണികളിലും പ്രതിഫലിക്കുകയായിരുന്നു.ഡോളർ കരുത്താർജിക്കാനുള്ള സാധ്യത ഐ.ടി സ്റ്റോക്കുകൾക്ക് ഗുണകരമായി. കോർപ്പറേറ്റ് ടാക്സിൽ ഇളവ് വരുത്തുന്നതാണ് ട്രംപിന്റെ നയം. 21 ശതമാനത്തിൽ നിന്നും 15 ശതമാനമാക്കി കോർപ്പറേറ്റ് ടാക്സ് ട്രംപ് കുറക്കാനുള്ള സാധ്യതയുണ്ട്. ഇതും യു.എസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് ഗുണകരമാണ്.യു.എസ് വിപണിയിൽ ടെസ്‍ല പോലുള്ള ഓഹരികൾക്ക് വൻ മുന്നേറ്റമാണ് ഉണ്ടായത്. ട്രംപിന്റെ ഭരണകാലത്ത് നിഫ്റ്റിയിൽ 38 ശതമാനം നേട്ടമുണ്ടായിരുന്നു. നാസ്ഡാക് 77 ശതമാനവും ഡൗജോൺസ് 45 ശതമാനവും നേട്ടം രേഖപ്പെടുത്തിയിരുന്നു. സമാനമായ നേട്ടം ഇക്കുറിയും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.