ട്രംപിൻ്റെ രണ്ടാമൂഴം പ്രതീക്ഷകളുടേതു കൂടിയാണ്. നേട്ടങ്ങളും പ്രതിസന്ധികളും തരണം ചെയ്ത ആ ജീവിതം അത്ഭുതത്തോടെ മാത്രമേ നോക്കി കാണാനാവു. ജർമൻ–സ്കോട്ടിഷ് വേരുകളുള്ള ഫ്രഡറിക് സി.ട്രംപിന്റെയും മേരി മക്ലിയോഡിന്റെയും മകനായി 1946 ജൂൺ 14നു ന്യൂയോർക്കിലെ ക്വീൻസിലാണു ട്രംപിന്റെ ജനനം. 1968 ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിലെ വാർട്ടൺ ബിസിനസ് സ്കൂളിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.1971 ൽ പിതാവിന്റെ റിയൽ എസ്റ്റേറ്റ്, നിർമാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തു. ട്രംപ് ഓർഗനൈസേഷൻ എന്ന പേരിൽ ബിസിനസ് വ്യാപിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാസിനോകളും റിസോർട്ടുകളും ഗോൾഫ് കോഴ്സുകളും ആരംഭിച്ചു. 1983 ൽ മാൻഹട്ടനിൽ ട്രംപ് ടവർ തുറന്നു. ഇതു വളരെപ്പെട്ടെന്നു ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായി. 1994 ൽ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ സഹ ഉടമയായി. വിമാന സർവീസ്, പെർഫ്യും, ഗെയിം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണവിഭവങ്ങൾ, വാച്ചുകൾ തുടങ്ങിയവ ട്രംപ് എന്ന ബ്രാൻഡിൽ വിപണിയിലിറക്കി.
1977 ൽ ഇവാന സെൽനിക്കോവയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ 3 മക്കൾ– ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക്. 1990 ൽ വേർപിരിഞ്ഞു. 1993 ൽ മാർല മേപ്പിൾസിനെ വിവാഹം ചെയ്തു. മാർലയിൽ ഒരു മകൾ: ടിഫനി. 1999 ൽ വേർപിരിഞ്ഞു. 2005 ൽ മെലനിയയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മകൻ ബാരൺ.