ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ സ്ഥാനമാറ്റത്തിനുള്ള പ്രക്രിയകൾ വൈറ്റ് ഹൗസിൽ സജീവമായിത്തുടങ്ങി. നിലവിലെ പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റും ഡെമോക്രറ്റിക്ക് സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസും ട്രംപിനെ വിളിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അധികാരം കൈമാറുന്നതിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
തോൽവിക്ക് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത കമല ഹാരിസ്, തോൽവി സമ്മതിക്കുകയാണെന്നും എന്നാൽ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനുമായി എന്നും ജാഗരൂകരായിരിക്കണമെന്നും ജനങ്ങളോട് കമല പറഞ്ഞു.’ ഒരുപാട് ജനങ്ങൾ ഒരു കറുത്ത ഏടിലൂടെയാണ് രാജ്യം പോകുന്നത് എന്നാണ് കരുതുന്നതെന്ന് എനിക്ക് അറിയാം. പക്ഷെ അതല്ല സാഹചര്യം എന്ന് നിങ്ങൾ മനസിലാക്കണം. അമേരിക്കയെ നമുക്ക് ഇനിയും ഒരുപാട് മുന്നോട്ടു കൊണ്ടുപോകാനുണ്ട്. ഈ തിരഞ്ഞെടുപ്പിൽ നമ്മൾ മികച്ച മത്സരം കാഴ്ചവെച്ചുവെന്നത് തന്നെ അഭിമാനമാണ്’, പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കമല പറഞ്ഞു.