വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു വിജയത്തിൽ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ട്രംപിന് നല്ല ആശയങ്ങളുണ്ടെങ്കിൽ സംസാരിക്കാൻ തയാറാണെന്നാണ് സോച്ചിയിലെ ഒരു രാജ്യാന്തര സമ്മേളനത്തിനിടയിലെ ചോദ്യോത്തരവേളയിൽ പുട്ടിൻ പറഞ്ഞത്.
തിരഞ്ഞെടുപ്പു പ്രചാരണ ത്തിനിടെയുണ്ടായ വധശ്രമത്തെ അതിജീവിച്ച നിമിഷങ്ങൾ ട്രംപ് ധീരമായി കൈകാര്യം ചെയ്ത വിധം തനിക്കു വലിയ മതിപ്പുണ്ടാക്കിയെന്നും പറഞ്ഞു കരുത്തുറ്റ അമേരിക്കയെയാണ് യൂറോപ്പിനാവശ്യമെന്ന് ട്രംപുമായി സംസാരിച്ചതിനു പിന്നാലെ സെലെൻസ്‌കി പറഞ്ഞു. “എന്താണ് അദ്ദേഹം ഇനി ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾക്ക് ഒരു പിടിയുമില്ല. അമേരിക്ക വീണ്ടും കരു ത്താർജിക്കുമെന്നാണ് പ്രതീക്ഷ’- സെലെൻസ്കി വിശദീകരിച്ചു. ട്രംപിനെ അനുമോദിച്ച ചൈന പ്രസിഡന്റ് ഷി ചിൻപിങ്, യോജിച്ചുപോകാനുള്ള ശരിയായ വഴി ഇരുരാജ്യങ്ങളും കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്തു.