ചെന്നൈ: പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച് നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം). 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ചിരിക്കുന്നത്. അതേസമയം, ടി.വി.കെയുടെ നേതൃത്വം അംഗീകരിച്ച് വേണം കക്ഷികൾ സഖ്യത്തിൽ ചേരാനെന്ന് നേതാക്കൾ പറഞ്ഞു.
ടി.വി.കെയും നേതൃത്വം അംഗീകരിക്കാൻ തയാറുള്ള പാർട്ടികൾക്ക് സഖ്യത്തിന് തയാറാകാമെന്ന് പാർട്ടിയുടെ നേതാക്കളിലൊരാൾ പറഞ്ഞു. ടി.വി.കെക്ക് മുഖ്യപങ്കാളിത്തമുള്ള സഖ്യം മാത്രമേ ഉണ്ടാക്കൂ. പാർട്ടിയുടെ സംസ്ഥാന, ജില്ലതല ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
വിക്കിരവാണ്ടിയിൽ ഒക്ടോബർ 27ന് നടന്ന ആദ്യ സംസ്ഥാന സമ്മേളനത്തിൽ ഇതര രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നും ഘടകകക്ഷികൾക്ക് അധികാരം പകർന്നുനൽകുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിന് തയാറാണെന്ന വിജയിയുടെ പ്രഖ്യാപനം ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷികളെ ഉന്നംവെച്ചാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
ഡി.എം.കെ സഖ്യകക്ഷിയും ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് ടി. തിരുമാവളവൻ മുന്നണിയായി മത്സരിച്ച് ജയിച്ചാൽ അധികാരം പങ്കിടണമെന്ന ആവശ്യം ഉന്നയിച്ചുവരവെയാണ്, വിജയ് ഇതിന് സന്നദ്ധമാണെന്ന് അറിയിച്ചത്. അംബേദ്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ ആറിന് ചെന്നൈയിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ വിജയിയും തിരുമാവളവനും ഒരേ വേദിയിലെത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്.
അതേസമയം, ടി.വി.കെയെ പരസ്യമായി വിമർശിക്കേണ്ടെന്ന് അണ്ണാ ഡി.എം.കെ നേതൃത്വം പാർട്ടി വക്താക്കൾക്കും ഭാരവാഹികൾക്കും നിർദേശം നൽകി. വിക്കിരവാണ്ടി സമ്മേളനത്തിൽ വിജയ് തന്റെ പ്രസംഗത്തിൽ അണ്ണാ ഡി.എം.കെയെ വിമർശിച്ചിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കിനിൽക്കവെ വിജയിയെ പിണക്കേണ്ടതില്ലെന്നാണ് അണ്ണാ ഡി.എം.കെ തീരുമാനം. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ശക്തമായ മുന്നണിയെ പരാജയപ്പെടുത്താൻ ടി.വി.കെയുമായി സഖ്യം പ്രയോജനപ്പെടുമെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വത്തിന്റെ വിലയിരുത്തൽ.