Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി ഈടാക്കണം;കന്യാസ്ത്രീകളും വൈദികരും നൽകിയ ഹർജിയിൽ സുപ്രീം കോടതി

ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി ഈടാക്കണം;കന്യാസ്ത്രീകളും വൈദികരും നൽകിയ ഹർജിയിൽ സുപ്രീം കോടതി

ദില്ലി: ആദായ നികുതിയുടെ കാര്യത്തിൽ ആർക്കും ഇളവില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയെന്നും ഓർമ്മിപ്പിച്ച് സുപ്രീം കോടതി. അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി ഈടാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം ഓർമ്മിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ദിവസം അദ്ദേഹം അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കേരളത്തിൽ നിന്നടക്കമെത്തിയ 93 ഹർജികളും തള്ളിയ സുപ്രിംകോടതി, നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന് ചൂണ്ടികാട്ടി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പരിശോധിച്ച പരമോന്നത കോടതി ഇത് ശരിവെച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്.

അധ്യാപക ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ലഭിക്കുന്ന ശമ്പളം രൂപതകൾക്കോ കോൺവെന്റുകൾക്കോ നൽകുകയാണ് ചെയ്യുന്നതെന്നായിരുന്നു ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നത്. ശമ്പളമായി ലഭിക്കുന്ന പണം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നും അതിനാൽ ആദായനികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഇളവും നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

നേരത്തെ വൈദികരും കന്യാസ്ത്രീകളും സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആദായനികുതി ഇളവ് അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ആദായനികുതിവകുപ്പ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി തള്ളിയതോടെയാണ് നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക് നീണ്ടത്. കന്യാസ്ത്രീകളും വൈദികരും സമീപിച്ച ഹർജി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. വിശദമായ വാദങ്ങൾക്കൊടുവിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിച്ചുകൊണ്ടാണ് ജോലിചെയ്ത് ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും ആദായ നികുതി നൽകണമെന്ന് ഉത്തരവിട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments