വാഷിങ്ടൻ : വാക്സീൻ വിരോധിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയാക്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. അമേരിക്കയെ വീണ്ടും ആരോഗ്യത്തിലേക്കെത്തിക്കാൻ ആർഎഫ്കെ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, നിയമനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ആരോഗ്യവിദഗ്ധരിൽനിന്ന് ഉയരുന്നത്. കെന്നഡിക്ക് മുൻ പരിചയമില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ രാജ്യത്തെ ആരോഗ്യരംഗത്തെ പിന്നോട്ടടിക്കുന്നതാണെന്നും അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (എപിഎച്ച്എ) കുറ്റപ്പെടുത്തി. വാർത്ത പുറത്തുവന്നതോടെ, വാക്സീൻ നിർമാണ കമ്പനികളുടെ ഓഹരിവില ഇടിഞ്ഞു. യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡിയുടെ സഹോദരപുത്രനാണ് റോബർട്ട്.
നോർത്ത് ഡെക്കോഡ ഗവർണറായ ഡഗ് ബെർഗം ആഭ്യന്തര സെക്രട്ടറിയാകും. ഇതു സംബന്ധിച്ച് ഇന്നു പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. രതിചിത്ര നടിക്ക് പണം കൊടുത്ത് പരാതി ഒതുക്കാൻ ശ്രമിച്ച കേസിൽ ട്രംപിനായി വാദിച്ച ടൊഡ് ബ്ലാഞ്ചിനെ ഡപ്യൂട്ടി അറ്റോർണി ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്.