ന്യൂയോര്‍ക്ക്: യു എന്നിലെ ഇറാനിയന്‍ പ്രതിനിധിയും യു എസ് കോടീശ്വരന്‍ എലോണ്‍ മസ്‌ക്കും തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വിദേശകാര്യ മന്ത്രാലയവും ഇത്തരമൊരു കൂടിക്കാഴ്ച നടന്നെന്ന റിപ്പോര്‍ട്ടിനെ നിഷേധിച്ചു.
മസ്‌കുമായി ഇറാന്‍ പ്രതിനിധി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അധികാരമേല്‍ക്കുമ്പോള്‍ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള പിരിമുറുക്കം കുുറക്കുന്നതിനെ കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇറാനിയന്‍ ദൂതന്‍ അമീര്‍ സഈദ് ഇരവാനി മസ്‌കുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്നും അവരുടെ ചര്‍ച്ച ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും പശ്ചിമേഷ്യയിലെ ഇറാനിയന്‍ പ്രോക്‌സികളെക്കുറിച്ചും ചുറ്റിപ്പറ്റിയാണെന്ന് അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് നേരത്തെ സൂചിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, കൂടിക്കാഴ്ച ഇരുഭാഗത്തും വ്യക്തമായ തീരുമാനങ്ങളിലേക്കെത്താന്‍ സഹായിച്ചില്ല. എന്നാല്‍ പിരിമുറുക്കം ലഘൂകരിക്കുന്നതിന് കളമൊരുക്കിയെന്നാണ് പറയുന്നത്. എന്നാല്‍ ട്രംപ് സംഘം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടില്ല.
ഈ റിപ്പോര്‍ട്ടുകള്‍ യു എസ് സര്‍ക്കാരില്‍ മസ്‌കിന്റെ പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ഗവണ്‍മെന്റ് ബജറ്റ് 2 ട്രില്യണ്‍ ഡോളര്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന അമേരിക്കന്‍ സംരംഭകന്‍ വിവേക് രാമസ്വാമിയ്ക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിനെ നയിക്കാന്‍ മസ്‌കിനോട് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ടെസ്ല മേധാവി ട്രംപിനൊപ്പം ഒരു ഫോണ്‍ കോളില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് മസ്‌ക് ഇറാന്‍ പ്രതിനിധിയെ കണ്ടെന്ന വാര്‍ത്ത വന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപ് ഫോണ്‍ സ്പീക്കറില്‍ പ്രവര്‍ത്തിപ്പിച്ചതായും തുടര്‍ന്ന് റഷ്യയുമായുള്ള യുദ്ധത്തില്‍ സ്റ്റാര്‍ലിങ്കിന്റെ പിന്തുണയ്ക്ക് സെലെന്‍സ്‌കി മസ്‌കിനോട് നന്ദി പറയുകയും ചെയ്തു.
പ്രധാന വിദേശ നയ പോസ്റ്റുകള്‍ക്കുള്ള ട്രംപിന്റെ തിരഞ്ഞെടുപ്പുകള്‍ ഇറാനെ സംബന്ധിച്ചിടത്തോളം കടുത്തതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറിയായി സെനറ്റര്‍ മാര്‍ക്കോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാള്‍ട്ട്‌സും ഉള്‍പ്പെടെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.