ചെന്നൈ : തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തെത്തുടർന്ന് അറസ്റ്റിലായ നടിയും ബി.ജെ.പി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെ എന്നായിരുന്നു കോടതിയിൽ നിന്ന് കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്.ഹൈദരാബാദിലെ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത കസ്തൂരിയെ റോഡ് മാർഗ്ഗമാണ് ചെന്നൈയിലെത്തിച്ചത്. ഇന്നലെ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. കസ്തൂരിയുടെ അറസ്റ്റിൽ ബ്രാഹ്മണസഭ അപലപിച്ചെങ്കിലും വിഷയത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് സുധാകർ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു .
തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടി പറഞ്ഞത്. ചെന്നൈയില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പരിപാടിക്കിടെയായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തില്‍ താരം മാപ്പു പറഞ്ഞെങ്കിലും ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയർന്നിരുന്നു. ചെന്നൈ എഗ്മൂർ പൊലീസാണ് കസ്തൂരിക്കെതിരെ കേസെടുത്തത്.