Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമാൽകം എക്സിൻ്റെ കൊലപാതകത്തിൽ സിഐഎക്കും എഫ്ബിഐക്കും ന്യൂയോർക്ക് പൊലീസിനും പങ്കുണ്ടെന്ന ആരോപണവുമായി മക്കൾ

മാൽകം എക്സിൻ്റെ കൊലപാതകത്തിൽ സിഐഎക്കും എഫ്ബിഐക്കും ന്യൂയോർക്ക് പൊലീസിനും പങ്കുണ്ടെന്ന ആരോപണവുമായി മക്കൾ

ന്യൂയോർക്ക്: അമേരിക്കയിലെ ആഫ്രോ അമേരിക്കൻ മുന്നേറ്റത്തിന്‍റെയും മനുഷ്യാവകാശ പോരാട്ടങ്ങളുടെയും നേതാവായിരുന്ന മാൽകം എക്​സി​​​ൻ്റെ കൊലപാതകത്തിൽ അമേരിക്കൻ ഏജൻസികളായ സിഐഎക്കും എഫ്​ബിഐക്കും ന്യൂയോർക്ക്​ പൊലീസിനും ഭാഗികമായി പങ്കുണ്ടെന്ന ആരോപണവുമായി മക്കൾ. മൂന്ന്​ ഏജൻസികൾക്കുമെതിരെ 100 മില്യൺ ഡോളറി​ൻ്റെ കേസ്​ കുടുംബം ഫയൽ ചെയ്​തു.

കൊലപാതകം സംബന്ധിച്ച്​ പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിൻ്റെ പുതിയ വഴിത്തിരിവാണ് ഈ​ കേസ്​. 1965 ഫെബ്രുവരിയിലാണ്​ 39കാരനായ​ മാൽകം എക്​സ്​ കൊല്ലപ്പെടുന്നത്​. ന്യൂയോർക്കിന്​ സമീപത്തെ ഹാർലേമിലെ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഇദ്ദേഹത്തിന്​ നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.

നിയമപാലകരും കൊലയാളികളും തമ്മിലുള്ള അഴിമതിയും നിയമ-ഭരണഘടനാ വിരുദ്ധവുമായ ബന്ധവും കൊലപാതകത്തിലേക്ക്​ നയിക്കുകയായിരുന്നുവെന്ന്​ മക്കൾ നൽകിയ കേസിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഏജൻസികളും കൊലയാളികളും തമ്മിലെ ബന്ധം വർഷങ്ങളായി അനിയന്ത്രിതമായി തുടർന്നു. കൊലയാളികളെ സർക്കാർ ഏജൻറുമാർ മറച്ചുവെക്കുകയും സംരക്ഷിക്കുകയുമായിരുന്നു. സർക്കാർ ഏജൻസികൾ തെറ്റായ നടപടികളാണ്​ കൈക്കൊണ്ടത്​. ഇത്​ കൊലപാതകത്തിലേക്ക്​ നയിച്ചുവെന്നും കേസിൽ പറയുന്നു.

ഫെഡറൽ ലോ എൻഫോഴ്​സ്​മെൻറുമായി സഹകരിച്ച്​ ന്യൂയോർക്ക്​ പൊലീസ്​ കൊലപാതകത്തി​ൻ്റെ ദിവസങ്ങൾക്ക്​ മുമ്പ്​ മാൽകം എക്​സി​ൻ്റെ അംഗരക്ഷകരെ അറസ്​റ്റ്​ ചെയ്​തു. പരിപാടി നടന്ന ബാൾറൂമിൽനിന്ന്​ ഉദ്യോഗസ്​ഥരെ പൊലീസ്​ മനഃപൂർവം മാറ്റുകയും ചെയ്​തു. ആക്രമണ സമയത്ത്​ ബാൾറൂമിനകത്ത്​ ഫെഡറൽ ഏജൻസികളുടെ രഹസ്യാന്വേഷണ ഉദ്യോഗസ്​ഥർ ഉണ്ടായിരുന്നുവെങ്കിലും ഇടപെടുന്നതിൽ അവർ പരാജയപ്പെ​ട്ടെന്നും​ കേസിൽ പറയുന്നു.

20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചിന്തകരിലൊരാളായ മാൽകം എക്​സിനെ ഇല്ലാതാക്കാൻ വിവിധ ഏജൻസികൾ ഗൂ​ഢാലോചന നടത്തതിയെന്ന് പൗരാവകാശ അഭിഭാഷകൻ ബെൻ ക്രംപ്​ വ്യക്​തമാക്കി. കോടതി തങ്ങളുടെ കേസ്​ പരിഗണിച്ച്​ അവരുടെ മുൻഗാമികൾ ചെയ്​ത ചരിത്രപരമായ തെറ്റുകൾ തിരുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ ഇൻറലിജൻസ്​ ഏജൻസിയും (സിഐഎ), ഫെഡറൽ ബ്യൂറോ ഓഫ്​ ഇൻവെസ്​റ്റിഗേഷനും (എഫ്​ബിഐ) ഇതുവരെ കേസിനെക്കുറിച്ച്​ പ്രതികരിച്ചിട്ടില്ല. തീർപ്പാക്കാത്ത കോടതി വ്യവഹാരങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്ന്​ നേരത്തെ ന്യൂയോർക്ക്​ പൊലീസ്​ അറിയിച്ചിരുന്നു.

കറുത്തവർക്കെതിരായ വിവേചനത്തിനെതിരെ പോരാട്ടം നയിച്ച ആഫ്രോ അമേരിക്കൻ സാമൂഹ്യപ്രവർത്തകനായിരുന്നു മാൽക്കം എക്സ് എന്നറിയപ്പെടുന്ന മാൽക്കം ലിറ്റിൽ. 1965 ഫെബ്രുവരി 21ന് ഒരു പരിപാടിയിൽ സംസാരിക്കവെ, ഗർഭിണിയായ ഭാര്യയുടെയും മൂന്ന്​ മക്കളുടെയും മുന്നിൽ വെച്ച്​​ വധിക്കപ്പെടുകയായിരുന്നു.

വെള്ളക്കാരുടെ തീവ്രവാദ സംഘടനയുടെ ആക്രമണത്തിൽ പിതാവും ക്രൈസ്തവ സുവിശേഷകനുമായ ഏൾ ലിറ്റിലും മൂന്നു പിതൃസഹോദരങ്ങളും കൊല്ലപ്പെട്ടതാണ് കറുത്തവരുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊള്ളാൻ മാൽക്കമിനെ പ്രേരിപ്പിച്ചത്. പിന്നീട് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും പേര്​​ അൽഹാജ് മാലിക് അൽ ശഹ്ബാസ് എന്നാക്കി മാറ്റുകയും ചെയ്​തു.

നേഷൻ ഓഫ്​ ഇസ്​ലാമിൻ്റെ ദേശീയ വക്​താവായി മാൽകം എക്​സ്​ മാറി. എന്നാൽ, അഭിപ്രായ വ്യത്യാസത്തെ തുടർന്ന്​ സംഘടനയിൽനിന്ന്​ പുറത്തുപോയ അദ്ദേഹം​ മുഖ്യധാരാ പൗരാവകാശ പ്രസ്​ഥാനങ്ങളുടെ കൂടെ പ്രവർത്തിച്ചു. നേഷൻ ഓഫ്​ ഇസ്​ലാമി​ൽ നിന്ന്​ പുറത്തുപോയതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​​ പ്രോസിക്യൂഷ​ൻ പറയുന്നു. കൊലപാതകത്തിൽ മൂന്നുപേരെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

2020ൽ മാൻഹട്ടൺ ഡിസ്​ട്രിക്​ട്​ അറ്റോർണി സൈ വാൻസ്​ മാൽകം എക്​സി​ൻ്റെ കൊലപാതകത്തിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പുനരവലോകനം പ്രഖ്യാപിച്ചു. രണ്ട്​ വർഷത്തിനുശേഷം പ്രതികളായ മുഹമ്മദ്​ അസീസ്​, ഖലീൽ ഇസ്​ലാം എന്നിവരെ വെറുതെ വിടുകയും ചെയ്​തു. അതേസമയം, മൂന്നാമനായ മുജാഹിദ്​ അബ്​ദുൽ ഹലീമിൻ്റെ ശിക്ഷ റദ്ദാക്കിയിരുന്നില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments