പാലക്കാട് : ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ നിശ്ശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ തുടർന്ന വിവാദങ്ങളുടെ കുത്തൊഴുക്കിനു ശേഷം പാലക്കാട് ഇന്നു പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. വൈകിട്ട് 6 വരെ ക്യൂവിലുള്ള മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 1,94,706 വോട്ടർമാരുണ്ട്. ഇതിൽ 1,00,290 പേർ വനിതകളാണ്. 85 വയസ്സിനു മുകളിലുള്ള 2306 വോട്ടർമാരുണ്ട്. 780 പേർ ഭിന്നശേഷി വോട്ടർമാരാണ്.
4 ട്രാൻസ്ജെൻഡർ വോട്ടർമാരും 229 പ്രവാസി വോട്ടർമാരുമുണ്ട്. 2445 പേർ കന്നി വോട്ടർമാരാണ്. 4 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 184 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 736 പോളിങ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് നടപടികൾ വെബ് കാസ്റ്റിങ് നടത്തും. 23നാണു വോട്ടെണ്ണൽ