മലാഗ∙ സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാൽ ടെന്നിസ് കരിയർ അവസാനിപ്പിച്ചു. കരിയറിലെ അവസാന ടൂർണമെന്റായ ഡേവിഡ് കപ്പിൽ തോൽവിയോടെയാണ് നദാലിന്റെ മടക്കം. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ സ്പെയിനിന്റെ ആദ്യ സിംഗിൾസ് മത്സരത്തിനിറങ്ങിയ മുപ്പത്തിയെട്ടുകാരൻ നദാൽ ഇരുപത്തിയൊൻപതുകാരൻ ബോട്ടിക് വാൻ ഡെ സാൻഡ്ഷുൽപിനോടാണ് പരാജയം സമ്മതിച്ചത്. സ്കോർ: 6–4, 6–4.
രണ്ടാം സെറ്റിൽ നദാൽ തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടിയെടുക്കാനായില്ല. ഡേവിസ് കപ്പിൽ 29 മത്സരങ്ങൾ നീണ്ട നദാലിന്റെ വിജയപരമ്പരയ്ക്കും ഇതോടെ അവസാനമായി. മത്സരത്തിനു മുൻപ് സ്പെയിനിന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ വൈകാരികമായാണ് നദാൽ പ്രതികരിച്ചത്. ആയിരങ്ങളാണ് പ്രിയ താരത്തിന്റെ അവസാന പോരാട്ടം കാണാനെത്തിയത്. ഡേവിസ് കപ്പ് കളിച്ച് കരിയർ അവസാനിപ്പിക്കുമെന്ന് നദാൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 22 ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾ ഉൾപ്പടെ 92 കിരീടങ്ങൾ സ്വന്തമാക്കിയാണ് നദാൽ ടെന്നിസിൽനിന്ന് വിട പറയുന്നത്.