കീവ്: റഷ്യൻ വ്യോമാക്രമണമുണ്ടാകുമെന്ന രഹസ്യ മുന്നറിയിപ്പിനെ തുടർന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെ യുഎസ് എംബസി അടച്ചുപൂട്ടി. എംബസി ജീവനക്കാരോട് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാൻ നിർദ്ദേശിക്കുന്നു എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് കോൺസുലർ അഫയേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. യുക്രൈനിലെ യുഎസ് പൗരന്മാരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും എംബസി അഭ്യർത്ഥിച്ചു.
റഷ്യൻ വ്യോമാക്രമണങ്ങൾ യുക്രൈനിൽ സാധാരണ സംഭവമായി മാറിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് അസാധാരണമായിരുന്നു. കഴിഞ്ഞ ദിവസമയിരുന്നു ആറ് അമേരിക്കൻ നിർമിത മിസൈലുകൾ യുക്രൈൻ റഷ്യക്ക് നേര പ്രയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. യുക്രൈന് അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കാൻ അനുമതി നൽകിയതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു യുക്രൈന്റെ ആക്രമണം. ഇതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.
ദീർഘദൂര മിസൈലുകൾ യുക്രൈന് നൽകുന്നതിനെതിരെ റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈനെ റഷ്യയെ ആക്രമിക്കാൻ അനുവദിക്കുകയാണെങ്കിൽ അതിന്റെ അർഥം നാറ്റോ രാജ്യങ്ങളും യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായി യുദ്ധത്തിലാണെന്നാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമർ പുടിൻ പറഞ്ഞിരുന്നു. തങ്ങൾക്ക് നേരെ ഉയരുന്ന ഭീഷണികളെ അടിസ്ഥാനമാക്കി ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ യുക്രൈന് നേരെ വ്യോമാക്രമണം വർധിപ്പിച്ചിട്ടുമുണ്ട്.