രാഷ്ട്രീയ കേരളം ഏറെ കാത്തിരുന്ന ഉപതിരഞ്ഞെടുപ്പിൻെറ ഫലവും വന്നു. നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാടും ചേലക്കരയും ലോകസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന വയനാടും മുമ്പുണ്ടായിരുന്ന അതേ കക്ഷികൾ തന്നെയാണ് വിജയിച്ചുകയറിയത്. ഇതിൽ ഏറ്റവും കൂടുതൽ ആവേശകരമായത് പാലക്കാട്ടെ പോരിനായിരുന്നു. അപ്രതീക്ഷിതമായി ഡോ പി സരിൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത് മുതലായിരുന്നു ഇത്. നേരത്തെ കോൺഗ്രസിന്റെ ജില്ലയിൽ നിന്നുള്ള പ്രധാന നേതാവായിരുന്ന സരിൻ സ്ഥാനാർഥി തർക്കത്തെ തുടർന്നാണ് പാളയം മാറി ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായത്.
കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ മാത്രം നോമിനിയാണെന്ന് പറഞ്ഞാണ് സരിൻ ഇറങ്ങിപ്പോന്നത്. ഇതോടെ മണ്ഡലത്തിലെ വിജയം ഷാഫിയുടെ അഭിമാനപോരാട്ടമായി മാറി. മറുവശത്ത് ഇന്നലെ പാർട്ടിയിലേക്ക് വന്നൊരാൾ പെട്ടെന്ന് സ്ഥാനാർഥിയായതിലുള്ള അമർഷം ഇടതുപക്ഷ പ്രവർത്തകർക്കുണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയകളിലും ചാനൽ ചർച്ചകളിലും തങ്ങളുടെ പാർട്ടിയെയും നേതാക്കളെയും നിരന്തരം ട്രോളുന്ന രാഹുലിനെ തോൽപ്പിക്കാൻ അണികളും ഒടുവിൽ കച്ചകെട്ടിയിറങ്ങി. ജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഡോ പി സരിനിൽ എൽഡിഎഫിന്റെ മുതിന്ന നേതാക്കളും വിശ്വാസമർപ്പിച്ചു.
സരിന്റെ ട്രാക്ക് റെക്കോർഡിലാണ് സിപിഐഎം പ്രതീക്ഷയർപ്പിച്ചത്. ആദ്യം എംബിബിഎസ് പഠനം നടത്തി ഡോക്ടറായി, പിന്നീട് അതുപേക്ഷിച്ച് ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസുകാരനായി. അതിനിടയിൽ നിയമ പഠനവും തുടങ്ങി. ഒടുവിൽ അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയ വഴി സ്വീകരിച്ച് കോൺഗ്രസിന്റെ ഡിജിറ്റൽ വിഭാഗത്തിന്റെ ഹെഡായും സംസ്ഥാനത്തെ പ്രധാന നേതാവായും മാറിയ സരിൻ ഈ ഷിഫ്റ്റിലും നേട്ടമുണ്ടാക്കുമെന്ന് സിപിഐഎം കരുതി. അതിനിടയിൽ പെട്ടി വിവാദവും സന്ദീപ് വാര്യരുടെ അപ്രതീക്ഷിത കോൺഗ്രസ് പ്രവേശനവും പരസ്യ വിവാദവും രാഷ്ട്രീയ കേരളത്തെ കടന്നുപോയി.
ഇതെല്ലം നടക്കുമ്പോഴും സമ്പൂർണ്ണ ആത്മവിശ്വാസത്തിലായിരുന്നു സരിൻ. പാലക്കാട് പുതിയ സൂര്യോദമുണ്ടാകുമെന്നായിരുന്നു വോട്ടെണ്ണൽ ദിനവും സരിൻ പ്രതീക്ഷയർപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡെടുക്കില്ലെന്ന് ചാനൽ ചർച്ചകളിലും നിരന്തരം ഉദ്ഘോഷിച്ച സരിന്റെ ആത്‌മവിശ്വാസം കണ്ട് യുഡിഎഫിന്റെ ക്യാമ്പിലുള്ള കുറഞ്ഞ പക്ഷം ആളുകളെങ്കിലും അങ്കലാപ്പിലായിട്ടുണ്ടാവുമെന്നാതാണ് വാസ്തവം.
എന്നാൽ വോട്ടെണ്ണൽ ദിനം പെട്ടി പൊട്ടിച്ചപ്പോൾ സ്ഥിതി നേരെ തിരിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നില കാണിക്കില്ലെന്ന് പറഞ്ഞ സരിൻ മൂന്നാം സ്ഥാനത്തെത്തി. പോസ്റ്റൽ വോട്ട് എണ്ണുന്ന ഘട്ടത്തിൽ പോലും രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ സരിന് കഴിഞ്ഞില്ല. രാഹുലിന് 58389 വോട്ടുകളും കൃഷ്ണ കുമാറിന് 39549 വോട്ടുകളും കിട്ടിയപ്പോൾ സരിന് കിട്ടിയത് 37293. രാഹുലിന്റെ ഭൂരിപക്ഷം 18724 വോട്ടുകൾ, പാലക്കാട് പണ്ട് ഹാട്രിക് വിജയം നേടിയ ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തെയും കടത്തിവെട്ടിയുള്ളതായിരുന്നു രാഹുലിന്‍റെ ഈ വിജയം.
ശക്തമായ പോരാട്ടം നടന്ന കഴിഞ്ഞ തവണത്തേക്കാൾ 860 വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് അധികം കിട്ടിയത്. പുതിയ വോട്ടർമാർ ഏറെയുള്ള മണ്ഡലത്തിൽ മറ്റ് രണ്ട് പാർട്ടികളും വോട്ടിങ് ശതമാനത്തിൽ ഉണ്ടാക്കിയ നേട്ടം നോക്കുമ്പോൾ വളരെ കുറവാണിത്. എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലും തനിക്ക് മൃഗീയ സ്വാധീനമുണ്ടെന്ന് സരിൻ അവകാശപ്പെട്ട പഞ്ചായത്ത്, നഗരസഭകളിലും സരിന് വോട്ട് നന്നേ കുറഞ്ഞുവെന്നർത്ഥം. ഇതോടെ സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ മുന്നിൽ നിന്ന സംസ്ഥാന നേത്രത്വവും പ്രതിക്കൂട്ടിലായിരിക്കുകയാണ്. സരിന് പകരം ജന സമ്മതിയുള്ള ഒരു പ്രാദേശിക പ്രവർത്തകനെ നിർത്തിയാൽ പോലും ഇതിൽ കൂടുതൽ വോട്ടുകൾ കിട്ടുമായിരുന്നുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയരുമ്പോൾ വടകര പോലെ തന്നെ പാലക്കാടും തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎമ്മിനെ വേട്ടയാടും.