രാജു ശങ്കരത്തിൽ
ഫിലഡൽഫിയ: നോർത്ത് അമേരിക്കൻ സിറിയൻ ഓർത്തഡോക്സ് അതി ഭദ്രാസനത്തിലെ സീനിയർ വൈദികനും, ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ മുൻ വികാരിയുമായിരുന്ന റവ. ഫാ. ജോസ് ഡാനിയേൽ പൈറ്റേൽ, കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.
നവംബർ 24ന് ഞായറാഴ്ച രാവിലെ ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് മലങ്കര അതിഭദ്രാസനാധിപന്‍ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിലാണ് കോർഎപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുന്നത്.
കായംകുളം. ഒന്നാംകുറ്റി, പൈറ്റേൽ പുത്തൻ വീട്ടിൽ, കോശി ദാനിയേലിന്റെയും ഏലിസബെത്തിന്റെയും നാലാമത്തെ മകനായി ജനനം,
കായംകുളം ശ്രീ വിട്ടോബാ ഹൈസ്കൂളിൽ നിന്നും 1970-71 ൽ SSLCയും, ഏം എസ് എം കോളേജില് നിന്നും പ്രീ ഡിഗ്രിയും പൂർത്തിയാക്കിയതിനുശേഷം പെരുമ്പള്ളി സെന്റ് ജയിംസ് സിറിയൻ തിയോള ജിക്കൽ സെമിനാരിയിലും, മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും വൈദീക പഠനം നടത്തി.. 1976 ജനുവരി 18 ന് കായംകുളം മോർ മിഖായേൽ മെമ്മോറിയൽ ആശ്രമ ചാപ്പലിൽ വച്ചു മോർ കൂറീലോസ് കുറിയാക്കോസ് മെത്രാപ്പോലീത്തായിൽ നിന്നും ശെമ്മാശു പട്ടമേറ്റു. തുടർന്ന്, അഭിവന്ദ്യ തിരുമേനിയുടെ സെക്രട്ടറിയായി, തിരുമേനി കാലം ചെയ്യുന്നതു വരെ, ശെമ്മാശനായും, കശീശാ ആയതിനു ശേഷവും സേവനമനുഷ്ഠിച്ചു. ഡിഗ്രി പഠനത്തിന് ശേഷം, ദീപിക ദിനപത്രത്തിലും, പിന്നീട്, കൗൺസിലിംഗ് പഠനത്തിനു ശേഷം, ശാന്തിഭവൻ മെന്റൽ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചു.
പശീത്താ സുറിയാനി ബൈബിളിന്റെ സമ്പൂർണ്ണ മലയാള പരിഭാഷയായ വിശുദ്ധ ഗ്രന്ഥത്തി ന്റെ പരിഭാഷയിൽ വന്ദ്യ മലങ്കരമല്പാൻ കണിയമ്പറമ്പിൽ അച്ചനെ സഹായിച്ചു, അതിന്റെ കയ്യെഴുത്തുപ്രതിയും, അതേ തുടർന്ന് പ്രിന്റിംഗിനു വേണ്ടിയുള്ള അതിന്റെ ഫെയർ കോപ്പി തയ്യാറാക്കുവാനും, അതിന്റെ പ്രൂഫ് റീഡിംഗു ചെയ്യുവാനും, പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാനും അച്ചനെ സഹായിച്ചു. അതിനു ശേഷം, പുതിയനിയമ വ്യാഖ്യാനം എഴുതിയപ്പോഴും സമാനമായ സേവനം ചെയ്തു.
കുന്നന്താനം സെന്റ് പീറ്റേഴ്സ്, കാവുംഭാഗം സെന്റ് ജോർജ്ജ് കത്തീഡ്രൽ, തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, ചേപ്പാട് സെന്റ് ജോർജ്ജ് എന്നീ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായി സേവനം അനുഷ്ഠിച്ച ജോസ് ദാനിയേൽ അച്ചൻ, 2000 ൽ അമേരിക്കയിൽ എത്തി. ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രൽ, ഹാവർടൌൺ സെന്റ് പോൾസ് ചർച്ച് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. ഫിലഡൽഫിയ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ചെയർമനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ നവവൈദീകരുടെയും, ശെമ്മാശന്മാരുടെയും ഗുരുവും സുറിയാനി മല്പാനുമായ അച്ചൻ, നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നടത്തപ്പെടുന്ന സെന്റ് ജേക്കബ് ദസ്റൂഗ് സ്കൂൾ ഓഫ് സിറിയക് സ്റ്റഡീസിന്റെ പ്രധാന മല്പാനും ആണ്. സുറിയാനി ഭാഷ എല്ലാ വിശ്വാസികൾക്കും അഭ്യസിക്കുവാൻ കഴിയുന്ന ഒരു സംരംഭമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌കൂളിന്റെ പ്രധാന അദ്ധ്യാപന ചുമതല നിർവഹിച്ചുകൊണ്ട്, വൈദീക വിദ്യാർത്ഥികളേയും, സ്കൂൾ കലാലയ വിദ്യാർത്ഥികളെയും സുറിയാനിയും ആരാധനകളും അഭ്യസിപ്പിക്കുന്നു. സുറിയാനിഭാഷയിലുള്ള ആരാധനയുടെ ആസ്വാദ്ധ്യത വിശ്വാസികളിലേക്ക് പകരുന്നതിന് ഈ സംരംഭം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.
കോറെപ്പിസ്‌ക്കോപ്പാ പദവിയിലേക്ക് ഉയർത്തപ്പെടുന്ന തികഞ്ഞ വാഗ്മിയും സുറിയാനി പണ്ഡിതനും, സിറിയൻ ഓർത്തഡോക്സ് സഭയുടെ അഭിമാന പുരോഹിതനുമായ ബഹുമാനപ്പെട്ട ജോസച്ചന് മലയാളി മനസ്സ് യു എസ എ യുടെ പ്രാർത്ഥാനാശംസകളും, സ്നേഹാദരവുകളും അർപ്പിക്കുന്നു.