കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും ഭർത്താവിന്റെ മർദ്ദനം. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലും ആംബുലൻസിൽ വെച്ചും ഭർത്താവ് മർദ്ദിച്ചെന്നും എന്നാൽ പരാതിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ടെന്നാണ് വിവരം. ഭര്‍ത്താവ് രാഹുല്‍ പി.ഗോപാല്‍ കരുതല്‍ തടങ്കലിലാണ്. നിയമനടപടി സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം പ്രതികരിച്ചു.
ഈയിടെയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസിൽ കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.