ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നിർദേശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കടുത്ത തീരുമാനങ്ങൾ എടുക്കുകയും പോരായ്മകൾ ഇല്ലാതാക്കുകയും വേണമെന്ന് ഖാർഗെ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിഎമ്മുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയാസ്പദമാക്കിയിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഖാർഗെ പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾക്കെതിരെയും ഖാർഗെ ആഞ്ഞടിച്ചു. ഒത്തൊരുമയില്ലായ്മയും സ്വന്തം പാർട്ടി നേതാക്കൾക്കെതിരായ പ്രസ്താവനകളും പാർട്ടിക്ക് ദോഷം ചെയ്യുന്നുവെന്നായിരുന്നു ഖാർഗെ പറഞ്ഞത്.