പത്തനംതിട്ട: ശബരിമലയിൽ ഭക്തജനതിരക്ക് തുടരുന്നു. വെള്ളിയാഴ്ച മാത്രം ശബരിമലയിൽ ദർശനം നടത്തിയത് 82,727 തീർത്ഥാടകരാണ്. ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ ഇത്തവണ ദർശനം നടത്തി. ആദ്യ 12 ദിവസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപയാണ് ഇത്തവണ വരുമാനം ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 15 ലക്ഷം രൂപ അധിക വരുമാനം ഉണ്ടായെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്പോട്ട് ബുക്കിങ്ങിലും ഇത്തവണ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമർപ്പിക്കാൻ ഇത്തവണ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് നെയ് വിളക്ക് സമർപ്പിക്കാൻ അവസരം. ഒരു നെയ് വിളക്കിന് 1000 രൂപയാണ് ചാർജ്.
ഇത്തവണത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും പ്രശ്നങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.