ശബരിമല : സന്നിധാനത്തും പമ്പയിലും മഴ ശക്തം. ഞായറാഴ്ചയായിട്ടും ഇന്നും തീർഥാടകരുടെ തിരക്ക് കുറവാണ്. സന്നിധാനത്ത് പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു. 5 മണിയായപ്പോഴേക്കും ക്യൂനിന്ന് എല്ലാവരും പടികയറി. പിന്നെ മല കയറി വരുന്നവർ കാത്തുനിൽപില്ലാതെ പടി കയറി ദർശനം നടത്തുകയാണ്.
ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ചാറ്റൽമഴ ഇന്ന് പുലർച്ചെയോടെ ശക്തിപ്രാപിച്ചു. ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പയിൽനിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീർഥാടകരെ കടത്തിവിടുന്നത്. നീലിമല പാതയിൽ 18 നടപ്പന്തലുകൾ ഉണ്ട്. കൂടാതെ മരക്കൂട്ടം മുതൽ ശരംകുത്തി വഴി ക്യൂ കോംപ്ലക്സും ഉള്ളതിനാൽ മഴ നനയാതെ കയറി നിൽക്കാം. എന്നാൽ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർക്ക് പമ്പയിൽ എത്തി വാഹനത്തിൽ കയറുന്നതുവരെ മഴ നനയണം. മടക്ക യാത്രക്ക് തീർഥാടകരെ കടത്തിവിടുന്ന ചന്ദ്രാനന്ദൻ റോഡ്, സ്വാമി അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ മഴ നനയാതെ കയറി നിൽക്കാൻ സംവിധാനമില്ല.
മഴ പെയ്ത് പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആറാട്ട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചു. ഇതിനു പുറമേ ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി.