ചെങ്ങന്നൂർ: ഭിന്നശേഷിക്കാർക്കു സൗജന്യപരിശീലനം നൽകുന്ന, ലില്ലി ലയൺസ് സ്പെഷൽ സ്‌കൂളിൻ്റെ പുതിയ കെട്ടിടസമുച്ചയം പുലിയൂരിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്കൂളിനായി എംഎൽഎ ഫണ്ടിൽ നിന്നു സാധ്യമായ സഹായം നൽകുമെന്നു മന്ത്രിയും കേന്ദ്ര സർക്കാർ ദി വ്യാംഗ് പദ്ധതിയിൽ നിന്നു സഹായം ലഭ്യമാക്കുമെന്നു വിശിഷ്‌ടാതിഥി ആയിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപിയും പറഞ്ഞു. ലയൺസ് എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി.ജി.ആർ. പിള്ള അധ്യക്ഷത വഹിച്ചു. ഭീമ ജുവൽസ് ചെയർമാൻ ബിന്ദു മാധവിന് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ മെൽവിൻ ജോൺസ് ഫെല്ലോഷിപ്പ് സർവീസ് അവാർഡ് മന്ത്രി സമ്മാനിച്ചു.
പ്രവാസി വ്യവസായി തോമസ് കോയാട്ടിനെ ഭിന്നശേഷി മേഖലയിൽ നൽകിവരുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ച് ആദരിച്ചു. സ്‌കൂൾ കെട്ടിട നിർമാണ സ്പോൺസർമാരായ കലിഫോർണിയ സിലിക്കൺ വാലി ലയൺസ് ക്ലബ് പിഡിജി ജയിംസ് വർഗീസ്, സ്കൂളിന്റെ ആർക്കിടെക്ട് ജയാനന്ദ കിളികർ, ട്രസ്‌റ്റി കെ.ആർ. സദാശിവൻ നായർ, കവി കെ.രാജഗോപാൽ എന്നിവരെയും ആദരിച്ചു.
പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ്റ് എം.ജി. ശ്രീകുമാർ പതാക ഉയർത്തി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭാ വർഗീസ്, ഔഷധി ചെയർപഴ്സൻ ശോഭന ജോർ ജ്, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃ ഷ്ണൻ, ലയൺസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ആർ. വെങ്കിടാചലം, ഫസ്‌റ്റ് വൈസ് ഗവർണർ വിന്നി ഫിലിപ്പ്, സെക്കൻഡ് വൈസ് ഗവർണർ ജേക്കബ് ജോസഫ്, ലില്ലി മാനേജിങ് ട്രസ്‌റ്റി ജി.വേണുകുമാർ, മോളി സേവ്യർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ വിവിധ കലാപരി പാടികൾ അവതരിപ്പിച്ചു. പുലിയൂർ നീതിയ ഭവനിൽ (കൊട്ടുപ്ലാക്കൽ) കുര്യൻ ഏബ്രഹാമും ഭാര്യ മറിയാമ്മ കുര്യനും ദാനമായി നൽകിയ 60 സെന്റ് ഭൂമിയിൽ 5 കോടി രൂപ ചെലവിലാണ് കെട്ടിടസമുച്ചയം നിർമിച്ചത്.