കൊച്ചി: ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിതനിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ആണ് സുപ്രീംകോടതി തള്ളിയത്.ഒരു എംഎല്‍എയുടെ മകന് എങ്ങനെയാണ് ആശ്രിത നിയമനം നല്‍കാനാവുകയെന്ന് കോടതി ചോദിച്ചു. പ്രശാന്തിന് നല്‍കിയ ശമ്പളം തിരിച്ചുപിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. 2018 ലെ മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു ആര്‍ പ്രശാന്തിന് ജോലി നല്‍കിയത്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിട്ടായിരുന്നു നിയമനം.
എംഎല്‍എ മരിച്ചാല്‍ മക്കള്‍ക്ക് ആശ്രിതനിയമനം നല്‍കാന്‍ കഴിയില്ലെന്നും രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് ഇത്തരത്തില്‍ നിയമനം നല്‍കിയത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2021 ഡിസംബര്‍ മൂന്നിന് നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.