അടൂർ : മതേതര നിലപാടിൽ യു.ഡി.എഫ്. ഒരു തരത്തിലും വെള്ളം ചേർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാർ സംഘടനകളെപ്പോലും തോല്പിക്കുന്ന തരത്തിലാണ് സി.പി.എം. മതേതരനിലപാടിൽ വെള്ളം ചേർക്കുന്നത്. സി.പി.എം. നമ്മുടെ നാടിനെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് യു.ഡി.എഫ്. അടൂർ നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ ജനവിധി കേരളത്തിലെ മുഴുവൻ ആളുകളും ആഗ്രഹിച്ച വിജയമാണെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. പാലക്കാട്ട് സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും സ്വരം ഒന്നായിരുന്നു. അതിന് പാലക്കാട് നൽകിയ മറുപടിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. പാലക്കാട് സി.പി.എമ്മും ബി.ജെ.പി.യും പറഞ്ഞുപരത്തിയ കള്ളക്കഥകളെ നേരിടുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നീലപ്പെട്ടി വിവാദം. ഇപ്പോഴിതാ പോലീസ് പറയുന്നു പെട്ടിയിൽ ഒന്നുമില്ലായിരുന്നെന്ന്. പാലക്കാട് തിരഞ്ഞെടുപ്പോടുകൂടി സി.പി.എം.- ബി.ജെ.പി. ബന്ധം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സന്ദീപ് വാര്യർ യു.ഡി.എഫിലേക്ക് പോയപ്പോൾ വേദനിച്ചത് സി.പി.എമ്മിനാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് പറഞ്ഞു. പാലക്കാട് തോറ്റപ്പോൾ സി.പി.എം. പറയുകയാണ് രണ്ടാംസ്ഥാനത്തെത്തിയെന്ന്. ഇതെങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ് ചോദിച്ചു.