ബെയ്ജിങ്: 13 യുഎസ് ആയുധ കമ്പനികൾക്ക് ഉപരോധവുമായി ചൈന. തായ്‌വാന് ആയുധം നൽകാനുള്ള തീരുമാനത്തിനു തിരിച്ചടിയായാണ് ചൈനീസ് നടപടിയെന്ന് ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു. ഉപരോധം ഏർപ്പെടുത്തപ്പെട്ടവയില്‍ മിക്കതും ഡ്രോൺ നിർമാണ രംഗത്തെ മുന്‍നിര കമ്പനികളാണ്.
ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഉപരോധം പ്രഖ്യാപിച്ചത്. തായ്‍വാനുമായുള്ള 385 മില്യൻ ഡോളറിന്റെ ആയുധ കരാറിനു കഴിഞ്ഞ ദിവസം യുഎസ് ഭരണകൂടം അംഗീകാരം നൽകിയിരുന്നു. ആയുധ സ്‌പെയർ പാർട്‌സുകൾ, എഫ്-16 ജെറ്റുകൾക്കു വേണ്ട സാധന സാമഗ്രികൾ, റഡാർ സംവിധാനങ്ങൾ എന്നിവയാണ് കരാറില്‍ ഉള്‍പ്പെട്ടിരുന്നത്. നടപടിയില്‍ ചൈന ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. തങ്ങളുടെ പരമാധികാരവും പ്രാദേശികമായ അഖണ്ഡതയും ലംഘിക്കുന്നതാണു നീക്കമെന്നാണ് ചൈന വിശേഷിപ്പിച്ചത്.
ഇതിനിടെയാണ് മേഖലയിലെ യുഎസ് നിയന്ത്രണത്തിലുള്ള ഗുവാമിൽ തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ് ടേ സന്ദർശനം നടത്തുന്നത്. ഇന്നലെയാണ് അദ്ദേഹം സ്ഥലത്തെത്തി യുഎസ് വൃത്തകളുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിലും ചൈന എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്. തായ്‌വാനെ തങ്ങൾക്കു കീഴിലുള്ള ദ്വീപായാണ് ചൈന കണക്കാക്കുന്നത്. പ്രസിഡന്റ് ലായ് ചിങ്ങിനെ അപകടകാരികളായ വിഘടനവാദികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങൾ ഇവിടത്തെ നേതാക്കളുമായി നയതന്ത്ര ഇടപാട് തുടരുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുണ്ട്. ഇവരുടെ വിദേശസന്ദർശനവും അനുവദിക്കരുതെന്നാണു വ്യക്തമാക്കിയിട്ടുള്ളത്.