കാലിഫോർണിയ: അമേരിക്കയിൽ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് ഹൊണോലുലുവിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം മുന്നറിയിപ്പ് പിൻവലിച്ചു. അമേരിക്കയിലെ കാലിഫോർണിയ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലായിരുന്നു സുനാമി മുന്നറിയിപ്പ്.
ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ ഫേൺഡെയിൽ പ്രാദേശിക സമയം രാവിലെ 10:44ന് ആയിരുന്നു റിക്ടർ സ്കെയിലിൽ 7.0 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വിഭാഗം അറിയിച്ചത്. തീരപ്രദേശത്തിന് സമീപമുള്ളവർ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.