ദുബായ് : വിസ്മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) തുടക്കം. 38 ദിവസം നീളുന്ന വ്യാപാരോത്സവം ജനുവരി 12 വരെ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ് ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകർഷണം.
ഉദ്ഘാടനത്തോടനുബന്ധിച്ച് കൊക്കകോള അരീനയിലെ സംഗീത കച്ചേരിയിൽ ലോകപ്രശസ്ത താരനിര അണിനിരക്കും. വ്യാപാരമേളയോടനുബന്ധിച്ച് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ദിവസേന വിനോദ പരിപാടികൾ നടക്കും. സിറ്റി വാക്കിൽ സൗജന്യ വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്.
അൽ മർമൂമിൽ ഔട്ട്ഡോർ സിനിമ, ഓഡ് മ്യൂസിക് നൈറ്റുകൾ തുടങ്ങിയ പരിപാടികളുണ്ടാകും. ഹത്ത വാദി ഹബ്ബിലും ജനുവരി 5 വരെ പ്രത്യേക പരിപാടികളുണ്ടാകും. ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്ത് ജനുവരി 3 മുതൽ 12 വരെ പ്രത്യേക കലാവിരുന്ന് അരങ്ങേറും.
ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 38 ദിവസവും രാത്രി 8:30ന് വെടിക്കെട്ടുണ്ടാകും. ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെബിആറിലെ ബീച്ചിലും ദിവസവും രാത്രി 8നും, 10നും സൗജന്യ ഡ്രോൺ ഷോയുണ്ട്. ഈ മാസം 13ന് രാത്രി 8നും 10നും 150 പൈറോ ഡ്രോണുകളും സ്കൈഡൈവറുകളും സംയുക്തമായി അണിനിരക്കുന്ന ഷോ കാണാം.