അബുദാബി : പുത്തൻ കാഴ്ചകളിലേക്കു സന്ദർശകരെ മാടിവിളിക്കുന്ന ദുബായ് സഫാരിയിൽ ഇനി രാത്രി കാഴ്ചകൾ ആസ്വദിക്കാനും അവസരം. ഈ മാസം 13ന് ആരംഭിക്കുന്ന നൈറ്റ് സഫാരി ജനുവരി 12 വരെ തുടരും. രാത്രികാലങ്ങളിൽ മൃഗങ്ങളിലും പക്ഷികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ അടുത്തറിയാനാണ് രാത്രിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നത്.
വിദഗ്ധ വന്യജീവി ഗൈഡുകളുടെ നേതൃത്വത്തിൽ രാത്രി 2 സഫാരികളാണ് ഒരുക്കുന്നത്. 90ലേറെ ഇനങ്ങളുടെ രാത്രികാല ദിനചര്യകൾ സന്ദർശകർക്ക് കാണാം. രാത്രിയിൽ സജീവമാകുന്ന മൃഗങ്ങളെ മാത്രമേ നൈറ്റ് സഫാരിയുടെ ഭാഗമാക്കൂ എന്ന് നഗരസഭ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് ആഫ്രിക്കൻ ഫയർ ഷോയും നിയോൺ ഷോയും ഉൾപ്പെടെ തത്സമയ കലാപ്രകടനങ്ങളും സഫാരിയെ ആകർഷകമാക്കും.