ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് സഹായവുമായി അല്ലു അര്‍ജുന്‍. 25 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് അല്ലു അര്‍ജുന്‍. ബുധനാഴ്ച രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ച രേവതിയും തേജും ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇരുവര്‍ക്കും സിപിആര്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചായിരുന്നു രേവതിയുടെ മരണം. ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്