ഭോപ്പാല്‍: മധ്യപ്രദേശിലെ ഛതര്‍പുര്‍ ധാമോറ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ പ്രധാനാധ്യാപകനെ പ്ലസ്ടു വിദ്യാര്‍ഥി വെടിവെച്ചുകൊന്നു. അമ്പത്തിയഞ്ചുകാരനായ സുരേന്ദ്ര കുമാര്‍ സക്‌സേനയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇദ്ദേഹം ധാമോറ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.
തോക്കുമായി പ്രധാനാധ്യാപകനെ പിന്തുടര്‍ന്ന വിദ്യാര്‍ഥി ശുചിമുറിയില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരേന്ദ്രകുമാര്‍ സക്‌സേനയുടെ തലയ്ക്കാണ് വെടിയേറ്റത്.
കൃത്യം നടത്തിയതിനുശേഷം വെടിയുതിര്‍ത്ത വിദ്യാര്‍ഥി സഹപാഠിക്കൊപ്പം സക്‌സേനയുടെ ബൈക്കില്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടുവെന്ന് പോലീസ് സൂപ്രണ്ട് അഗം ജെയ്ന്‍ പറഞ്ഞു. കുട്ടികള്‍ രക്ഷപ്പെടുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ധിലാപുര്‍ ഗ്രാമവാസികളായ ഈ വിദ്യാര്‍ഥികള്‍ മുമ്പും അച്ചടക്കലംഘനം നടത്തിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സക്‌സേനയുടെ കൊലപാതകം ആസൂത്രിതമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സ്‌കൂളിലെ ചിലര്‍ തന്നെ അദ്ദേഹത്തിനുമേല്‍ പല കാര്യങ്ങള്‍ക്കും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും അദ്ദേഹത്തെ അപമാനിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.