ഒന്‍റാറിയോ: ഒന്‍റാറിയോയിലെ സാർണിയയിൽ 22 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ലാംടൺ കോളജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെന്‍റ് വിദ്യാർഥിയായ ഗുരാസിസ് സിങ്ങിനെ 36 വയസ്സുകാരനായ ക്രോസ്‌ലി ഹണ്ടറാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡിസംബർ ഒന്നിന് ക്വീൻ സ്ട്രീറ്റിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.
ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഹണ്ടർ കത്തിയുപയോഗിച്ച് സിങ്ങിനെ കുത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തുകയും ഹണ്ടറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊലപാതക കുറ്റത്തിന് ഹണ്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യം വംശീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും പൊലീസ് മേധാവി ഡെറക് ഡേവിസ് പറഞ്ഞു.
സിങ്ങിന്‍റെ മരണത്തിൽ ലാംടൺ കോളജ് അനുശോചനം രേഖപ്പെടുത്തി. വിദ്യാർഥിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായും കോളജ് അധികൃതർ വ്യക്തമാക്കി.