ടെഹ്‌റാൻ: വാർത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഇറാൻ. ഇറാന്റെ ബഹിരാകാശവിക്ഷേപണങ്ങൾ അവരുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് യുഎസുൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ആരോപിക്കുന്ന പശ്ചാത്തലത്തിലാണിത്. സെമ്മാൻ പ്രവിശ്യയിലെ ഇമാം ഖൊമീനി ബഹിരാകാശകേന്ദ്രത്തിൽനിന്നാണ് സിമോർഗ് റോക്കറ്റുപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ചത്.
ഉപഗ്രഹവിക്ഷേപണം യുഎൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്നും ആണവായുധങ്ങൾ വഹിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള ഒരു ശ്രമത്തിലും ഏർപ്പെടരുതെന്നും ഇറാന് യുഎസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് യുഎൻ ഏർപ്പെടുത്തിയിരുന്ന ഉപരോധം 2023 ഒക്ടോബറിൽ അവസാനിച്ചിരുന്നു.
മുൻപ് ഒട്ടേറെത്തവണ വിക്ഷേപണം പരാജയപ്പെട്ട റോക്കറ്റ് സംവിധാനമാണ് സിമോർഗ്. അതേസമയം, വിക്ഷേപണം വിജയിച്ചു എന്നതിന് സ്വതന്ത്രസ്ഥിരീകരണമില്ല.