ഡബ്ലിൻ : കുടിയേറ്റവിരുദ്ധത ആളിക്കത്തിച്ച് വോട്ടാക്കി മാറ്റാനുള്ള തീവ്ര വലതുപക്ഷത്തിന്റെ നീക്കത്തിന് തിരിച്ചടി. കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കി കളത്തിലിറങ്ങിയ സ്ഥാനാർത്ഥികൾക്ക് വോട്ടു കിട്ടിയില്ല.ഓൺലൈനിലൂടെ പെരുകുന്ന പിന്തുണയിൽ പൊതുതിരഞ്ഞെടുപ്പിൽ ജയിച്ചുകയറാമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് തെളിയിക്കുന്നതാണ് പൊതുതിരഞ്ഞെടുപ്പിൻന്റെയും റിസൾട്ട് നൽകുന്ന പാഠം.
ഡബ്ലിനിൽ നിന്നും മത്സരിച്ച ഭരണമുന്നണി സ്ഥാനാർഥിയായ മലയാളിയായ ലിങ്ക്വിൻസ്റ്റർ മാത്യു മറ്റത്തിൽ അടക്കമുള്ള സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞ ലോക്കൽ തിരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധരുടെ ശക്തമായ ആക്രമണം നേരിടേണ്ടി വന്നിരുന്നു.വിദേശികൾ അയർലണ്ടിൽ മത്സരിക്കാൻ നിൽക്കേണ്ട എന്നാതായിരുന്നു കുടിയേറ്റ സ്ഥാനാർത്ഥികൾ നേരിട്ട വലിയ ആരോപണം
പ്രാദേശിക തിരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധർ നേട്ടമുണ്ടാക്കിയിരുന്നു. അതിന്റെ പിൻബലത്തിലാണ് ഇവർ പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയത്. എന്നാൽ പൊതു തിരഞ്ഞെടുപ്പിൽ വിവേകികളും ചിന്താശേഷിയുള്ളവരുമായ വോട്ടർമാർ കുടിയേറ്റവിരുദ്ധത അംഗീകരിച്ചില്ല.കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും വേര്‌തിരിച്ചില്ല എന്നതാണ് കുടിയേറ്റ വിരുദ്ധർക്ക് പെരുത്ത അടി കിട്ടാൻ കാരണമായതെന്ന് മറ്റൊരുകാര്യം.
പാട്രിക് ക്വിൻലാൻ, ഗാവിൻ പെപ്പർ, മലാച്ചി സ്റ്റീൻസൺ, ടോം മക്ഡൊണൽ, ഗ്ലെൻ മൂർ എന്നിവരാണ് ലോക്കൽ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. എന്നാൽ ഈ വോട്ടുകൾ പൊതുതിരഞ്ഞെടുപ്പിൽ മാഞ്ഞുപോയി. പ്രമുഖരായ ഡീ വാൾ, ഫിലിപ്പ് ഡ്വയർ എന്നിവർ പോലും എട്ടുനിലയിൽ പൊട്ടി വീണു.കുടിയേറ്റം പ്രധാന വിഷയമല്ലെന്ന് രാജ്യത്തുടനീളമുള്ള സ്ഥാനാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. ഇമിഗ്രേഷനേക്കാൾ ആശങ്കയുള്ളത് ആരോഗ്യം, പാർപ്പിടം ഗാർഹിക പ്രശ്‌നങ്ങളാണെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.ഇത് ശരിയാണെന്ന് ജനങ്ങളും വിധിയെഴുതി.