ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വിവാഹം അൽ വജബ കൊട്ടാരത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. അൽ വഖ്റ ഫുട്ബോൾ ക്ലബിന്‍റെ ടീം മാനേജരായിരുന്ന ഷെയ്ഖ് നാസർ ബിൻ ഹസൻ അൽതാനിയുടെ മകളായ ഷെയ്ഖ ഫാത്തിമ ബിൻത് നാസർ ബിൻ ഹസൻ അൽ താനിയാണ് വധു. 1991 നവംബറിൽ ജനിച്ച ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി, ഖത്തറിന്‍റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെയും ഷെയ്ഖ മോസ ബിൻത് നാസറിന്‍റെയും ഇളയ മകനാണ്.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, അമീറിന്‍റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മിഷാൽ ബിൻ ഹമദ് അൽതാനി തുടങ്ങിയ ഭരണാധികാരികളും വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും വിവാഹാഘോഷത്തിൽ പങ്കെടുത്തു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയും വിവാഹ ചടങ്ങിൽ എത്തിയ അതിഥികളെ സ്വീകരിച്ചു.