ന്യൂഡല്‍ഹി: ബഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന വിമതര്‍ സിറിയയില്‍ നിന്ന് 75 ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ സുരക്ഷിതരായി ലെബനനിലാണുള്ളത്. വാണിജ്യ വിമാനങ്ങളില്‍ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ സംഘത്തില്‍ സെയ്ദ സൈനബില്‍ കുടുങ്ങിയ ജമ്മു കശ്മീരില്‍ നിന്നുള്ള 44 തീര്‍ഥാടകരും ഉള്‍പ്പെടുന്നതായി മന്ത്രാലയം അറിയിച്ചു.
സിറിയയിലെ ഇന്ത്യന്‍ പൗരന്മാരുടെ അഭ്യര്‍ത്ഥനകള്‍ക്കും സുരക്ഷാ സാഹചര്യം വിലയിരുത്തിയതിനും ശേഷമായിരുന്നു ഒഴിപ്പിക്കല്‍ നീക്കം. ദമാസ്‌കസിലും ബെയ്റൂട്ടിലുമുള്ള ഇന്ത്യന്‍ എംബസികളാണ് ഒഴിപ്പിക്കല്‍ ഏകോപിപ്പിച്ചത്.
അതേസമയം, എല്ലാ ഇന്ത്യക്കാരും രാജ്യം വിട്ടിട്ടില്ലെന്നും ഇനിയും ചിലര്‍ സിറിയയില്‍ തുടരുന്നുവെന്നുമാണ് വിവരം. +963 993385973 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴിയും വാട്ട്സ്ആപ്പിലും [email protected] എന്ന ഇമെയില്‍ ഐഡി വഴിയും ദമാസ്‌കസിലെ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സര്‍ക്കാര്‍ അവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഹയാത്ത് തഹ്രീര്‍ അല്‍-ഷാം ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വിമത സേന, 12 ദിവസത്തെ മിന്നല്‍ ആക്രമണത്തിന് ശേഷം ഞായറാഴ്ചയോടെയാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസ് പിടിച്ചെടുത്തത്. അഞ്ച് പതിറ്റാണ്ട് നീണ്ട അസദ് വംശത്തിന്റെ ക്രൂരമായ ഭരണം അവസാനിപ്പിച്ചുവെന്നാണ് വിമതര്‍ ഇതിനെ വിശേഷിപ്പിച്ചത്.