തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ശബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. അഭിനയരംഗത്ത് 50 വര്‍ഷം തികയ്ക്കുന്ന വേളയിലാണ് ശബാന ആസ്മിക്ക് ഐ.എഫ്.എഫ്.കെയുടെ ആദരം.
ഹോങ്കോങ്ങില്‍നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഉദ്ഘാടന ചടങ്ങില്‍ സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറും.