കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടും കുടുംബം. നവീൻ ബാബുവിന്റേത് ആത്മഹത്യ എന്നു പറയുമ്പോഴും കൊലപാതക സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും എന്നാൽ എസ്ഐടി ഇക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിലെ പോരായ്മകൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കുടുംബം ഇന്ന് വാദിച്ചത്. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്ന് സർക്കാർ വാദിച്ചു.
അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അത് പരിശോധിക്കാൻ തയാറാണ്. കുടുംബം ആവശ്യപ്പെടുന്ന കാര്യങ്ങളും പരിശോധിക്കും. അന്വേഷണ സംഘം എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വാദിച്ചു. ജസ്റ്റിസ് കൗസര്‍ എഡപ്പത്ത് കേസിൽ പിന്നീട് വിധി പറയും.