പാലക്കാട്: പാലക്കാട് പനയംപാടത്ത് അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെയും സംസ്കാരം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. രാവിലെ എട്ടര മുതൽ തുപ്പനാട് കരിമ്പക്കൽ ഹാളിൽ പൊതുദർശനത്തിന് വെക്കും. 10 മണിക്ക് തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം.
ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.കുട്ടികൾ സ്‌കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും പനയംപാടം സ്ഥിരം അപകട മേഖലയാണെന്നും നാട്ടുകാർ ആരോപിച്ചു.