നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ജനുവരിയിലെ അധികാര കൈമാറ്റ ചടങ്ങിന് ഒരു മില്യൺ ഡോളർ സംഭാവന ചെയ്തതായി ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും മാതൃ കമ്പനിയായ മെറ്റ അറിയിച്ചു.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മാർ-എ-ലാഗോയിൽ ട്രംപുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭാവന. വാൾ സ്ട്രീറ്റ് ജേണലാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
ട്രംപിൻ്റെ രണ്ടാം ടേമിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായ സ്റ്റീഫൻ മില്ലർ, മറ്റ് വ്യവസായ പ്രമുഖരെപ്പോലെ സക്കർബർഗും ട്രംപിൻ്റെ സാമ്പത്തിക പദ്ധതികളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ട്രംപുമായി നല്ലൊരു ബന്ധമായിരുന്നില്ല മെറ്റക്കുണ്ടായിരുന്നത്. വലതുപക്ഷത്തെക്കുറിച്ചുള്ള കമ്പനിയുടം ധാരണ മാറ്റാൻ ശ്രമിക്കുന്നതായും സക്കർബർഗ് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.
2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ട്രംപ് ഫേസ്ബുക്കിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. 2023-ൻ്റെ തുടക്കത്തിൽ കമ്പനി അദ്ദേഹത്തിൻ്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചു.2024-ലെ പ്രചാരണ വേളയിൽ, സക്കർബർഗ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ട്രംപിനു പരസ്യ പിന്തുണ അറിയിച്ചിരുന്നില്ല , എന്നാൽ ട്രംപിനോട് കൂടുതൽ അനുകൂലമായ നിലപാട് പ്രകടിപ്പിച്ചു. ഈ വർഷം ആദ്യം, ആദ്യ വധശ്രമത്തോടുള്ള ട്രംപിൻ്റെ പ്രതികരണത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു.