റിയാദ്: ദേശീയ പേയ്‌മെന്റ് സംവിധാനമായ മാദ മുഖേനയുള്ള സാംസങ് പേ പേയ്‌മെന്റ് സേവനത്തിന് സൗദി സെൻട്രൽ ബാങ്ക് (സമ) തുടക്കമിട്ടു. സൗദി വിഷൻ 2030ന് അനുസൃതമായി രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
സ്മാർട് ഉപകരണങ്ങൾ വഴിയുള്ള സാങ്കേതിക പരിഹാരങ്ങൾ, രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുക, ഏറ്റവും പുതിയ പേയ്‌മെന്റ് രീതികളിലൂടെ ഉപഭോക്താക്കൾക്കായി സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുക എന്നിങ്ങനെ സാംസങ് വാലറ്റ് ആപ്ലിക്കേഷൻ മുഖേന എളുപ്പത്തിലും സുരക്ഷിതമായും മാദ കാർഡുകളും ഡിജിറ്റൽ ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും ഉപയോക്താക്കൾക്ക് വിപുലമായ സുരക്ഷിത പെയ്‌മെന്റ് അനുഭവം നൽകുകയാണ് ഈ സേവനം ലക്ഷ്യമിടുന്നത്.
സൗദി വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനും ഡിജിറ്റൽ പേയ്‌മെന്റ് അനുഭവം സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ ഭാഗം കൂടിയാണ് പദ്ധതി.