ന്യൂഡൽഹി: ഡൽഹിയിലെ ക്രമസമാധാന നിലയിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി മുൻ മുഖ്യമന്ത്രിയും എ.എ.പി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതല കേന്ദ്ര സർക്കാറിനായിട്ടും രാജ്യത്തും പുറത്തും കുറ്റകൃത്യത്തിന്‍റെ തലസ്ഥാനമായാണ് ഡൽഹി അറിയപ്പെടുന്നത്.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിലും കൊലപാതകങ്ങളിലും രാജ്യത്തെ 19 മെട്രോ നഗരങ്ങളിൽ ഡൽഹിയുടെ സ്ഥാനം ഒന്നാമതാണ്. കൊള്ള സംഘങ്ങളുടെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്. വിമാനത്താവളങ്ങൾക്കും സ്കൂളുകൾക്കുംനേരെ നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്നു. നഗരത്തിലെ ജനം സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയിലാണെന്നും കത്തിൽ പറയുന്നു. രാജ്യ തലസ്ഥാനത്തിന്‍റെ ക്രമസമാധാന നില നിയന്ത്രിക്കാൻ ബി.ജെ.പി സർക്കാറിന് കഴിയില്ലെന്ന് കഴിഞ്ഞദിവസം കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു.
‘അമിത് ഷാ ഡൽഹിയെ തകർത്തു. ഡൽഹിയെ അദ്ദേഹം ജംഗിൾ രാജ് ആക്കി മാറ്റി. എല്ലായിടത്തും ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്. ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യാൻ ബി.ജെ.പിക്ക് കഴിയുന്നില്ല. ഡൽഹിയിലെ ജനം ഒറ്റക്കെട്ടായി ശബ്ദമുയർത്തണം’ -കെജ്രിവാൾ എക്സിൽ കുറിച്ചിരുന്നു.നേരത്തെ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. കോൺഗ്രസുമായി യാതൊരു സഖ്യത്തിന് സാധ്യതയില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചർച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കെജ്‌രിവാളിന്റെ വിശദീകരണം. ഈ മാസം ആദ്യവും ഡൽഹി തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.